മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ നടന്മാരിൽ ഒരാളാണ് ജയസൂര്യ. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലേക്ക് കടന്ന് വരുകയും പിന്നീട് നടനായും വില്ലനായും വെള്ളിത്തിരയിൽ സജീവമാകാൻ നടന് അധിക കാലം വേണ്ടി വന്നിരുന്നില്ല. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ ആദ്യമായ് നായകനായ് അരങ്ങേറ്റം കുറിച്ചത്.

താരത്തിന്റേതായി നിലവിൽ ഇറങ്ങിയ പുതിയ ചിത്രമാണ് ടൈറ്റൻസ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഫാന്റസി-ആക്ഷന്‍-കോമഡി ഴോണറില്‍ കഥ പറയുന്ന ചിത്രത്തിൽ ജയസൂര്യയെ കൂടാതെ വിനായകനും പ്രധാന വേഷം ചെയ്യുന്നുണ്ട്. മലയാള സിനിമയിലെ പരീക്ഷണ ചിത്രങ്ങളുടെ പട്ടികയിലേക്ക് വന്ന ചിത്രം സംവിധാനം ചെയ്തത് പ്രിന്‍സ് ജോയ് ആണ്.

തനിക്ക് 3 കിങ്സിലെ പോലെ ഫൺ സിനിമ ചെയ്യാനാണ് ഇഷ്ടമെന്ന് തുറന്നു പറയുകയായിരുന്നു ജയസൂര്യ. ടൈറ്റൻസുമായ് ബന്ധപ്പെട്ട് റേഡിയോ മംഗോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.

3 കിങ്സ്.Photo.Screen Grab/Youtube.com

‘കഴിഞ്ഞ ദിവസം 3 കിങ്സ് വീട്ടിൽ വെച്ച് കണ്ടിരുന്നു. അത് വീട്ടിൽ ഇടക്കിടക്ക് ഓടും. ആദ്യമൊക്കെ ഞാൻ എല്ലാവരും കളിയാക്കുകയാണെന്ന് വിചാരിച്ചു. പിള്ളേരിത് പറഞ്ഞ് എന്നെ ട്രോളാറുണ്ട്. പക്ഷേ ഇത് വരുമ്പോൾ ഇടക്ക് അവരെന്നെ കാണാൻ വിളിക്കും. ഞാനും ഇരുന്ന് കാണാറുണ്ട്. എനിക്കും ഭയങ്കര ഇഷ്ടമുള്ള സിനിമയാണ്,’ താരം പറഞ്ഞു.

3 കിങ്സിന്റെ സംവിധായകനായ വി.കെ.പ്രകാശിന്റെ കൂടെ വർക്ക് ചെയ്യാൻ ഭയങ്കര രസമാണെന്നും രാജേഷ്.വൈ.വിയുടെ എഴുത്ത് അടിപൊളിയാണെന്നും നടൻ കൂട്ടിച്ചേർത്തു. സിനിമയിൽ തനിക്കേറ്റവും ഇഷ്ടപെട്ട സീൻ ലുട്ടാപ്പി എപ്പിസോഡാണെന്നും താരം തമാശരൂപേണ പറഞ്ഞു.

‘ഇപ്പോഴും ഒരുപാട് പേർ ആ സിനിമ കാണുന്നുണ്ട്. ഒരുപാട് പേരിങ്ങനെ ചോദിക്കും അതുപോലത്തെ ഏതെങ്കിലും പ്രാന്തൻ സാധനങ്ങൾ ആലോചിച്ചുകൂടെ എന്നൊക്കെ. ശരിക്കും പറഞ്ഞാൽ അങ്ങനത്തെ സിനിമക്ക് ഭയങ്കര സാധ്യതയുണ്ട്. ടൈറ്റൻസ് ഏകദേശം അതുപോലത്തെ ചെറിയൊരു ഫൺ ട്രാക്ക് സിനിമയാണ്. 3 കിങ്സ് പോലെത്തെ സിനിമ ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്,’ നടൻ പറഞ്ഞു.

Content Highlight: Jayasurya stated that he preferred making fun films like Three Kings and noted that a lot of people still watch that movie.