ആര്‍.ഡി.എക്‌സ് ഓണം റിലീസായി തിയേറ്ററുകളില്‍ എത്തുവാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിലെ ഹലബല്ലൂ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഗാനം ഒരുക്കിയിരിക്കുന്നത് സാം സി.എസാണ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിങ്ങനെ ചിത്രത്തിലെ മൂന്ന് നായകന്മാരും ഈ ഗാനരംഗത്തില്‍ തകര്‍ത്താടിയിരിക്കുകയാണ്.

ബെന്നി ദയാല്‍, രഞ്ജിത്ത് കെ. ഗോവിന്ദ്, നരേഷ് അയ്യര്‍, സാം സി.എസ് എന്നിവര്‍ ചേര്‍ന്നാലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഇപ്പോഴിതാ ഹലബല്ലൂ ഡാന്‍സ് ചലഞ്ച് അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഒപ്പം ആര്‍.ഡി.എക്‌സിലെ ഹലബല്ലൂ സോങ്ങിന് ചുവട് വെക്കുന്ന വീഡിയോ ഒരു റീലായി പങ്ക് വെക്കുക. #HalaballooDanceChallenge #RDXmovie #halaballoo #towtow എന്നീ ഹാഷ്ടാഗുകള്‍ ചേര്‍ക്കാന്‍ മറക്കരുത്. ആഗസ്റ്റ് 22 ആണ് വീഡിയോസ് അപ്ലോഡ് ചെയ്യുവാനുള്ള അവസാന തീയതി.

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച ചിത്രമായ മിന്നല്‍ മുരളി കൂടാതെ ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് ആര്‍.ഡി.എക്‌സ്(റോബര്‍ട്ട് ഡോണി സേവ്യര്‍) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.