തമിഴകത്തിന്റെ ദളപതിയുടെ അവസാന ആട്ടത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാലോകം. വിജയ് നായകനാകുന്ന അവസാന ചിത്രം ജന നായകന്‍ ജൂലൈ 23ന് തിയേറ്ററുകളിലെത്തും. സമാനതകളില്ലാത്ത പ്രതിസന്ധികള്‍ നേരിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ജനുവരിയില്‍ റിലീസാകേണ്ട ചിത്രം ഏഴ് മാസത്തോളമാണ് പെട്ടിയില്‍ കിടന്നത്.

തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന നായകന്‍. വിജയ്‌യുടെ അവസാന ചിത്രം സംവിധാനം ചെയ്യാന്‍ വിനോദിനെ തെരഞ്ഞെടുത്തത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. വലിയ പ്രഷറില്‍ പൂര്‍ത്തിയാക്കിയ ചിത്രം ഇത്രയധികം പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും പലരും ചര്‍ച്ച ചെയ്തത് വിനോദിനെക്കുറിച്ചായിരുന്നു. റിലീസിനോടടുക്കുമ്പോള്‍ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ജന നായകനില്‍ പലരും കാണാന്‍ കാത്തിരിക്കുന്ന കോമ്പോയാണ് വിജയ്- മമിത എന്നിവരുടേത്. പ്രേമലുവിന് ശേഷം സൗത്ത് ഇന്ത്യയൊട്ടാകെ റീച്ച് നേടിയ മമിതയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ജന നായകന്‍. മമിത ജന നായകനിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് എച്ച്. വിനോദ്. വിജയ്‌യുടെ മകളുടെ വേഷം ചെയ്യാന്‍ രണ്ട് ഓപ്ഷനുകള്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എസ്. എസ് മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രേമലു കണ്ടപ്പോള്‍ എനിക്ക് മമിതയുടെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടിരുന്നു. അന്ന് ജന നായകന്‍ ഓണ്‍ ആയിരുന്നില്ല. സ്‌ക്രിപ്റ്റ് കംപ്ലീറ്റായപ്പോള്‍ വിജയ് സാറിന്റെ മകളായി ആരെ കാസ്റ്റ് ചെയ്യണമെന്ന ചോദ്യമുയര്‍ന്നു. ഭഗവന്ത് കേസരിയില്‍ ഇതേ വഷം ചെയ്ത ശ്രീലീലയും മമിതയുമായിരുന്നു ചോയ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. എല്ലാവരും മമിതയുടെ പേര് പറഞ്ഞതോടെ അവരെ തെരഞ്ഞെടുത്തു. വിജയ് സാര്‍ -മമിത കോമ്പോ ഗംഭീരമായി വന്നിട്ടുണ്ട്.

ശരിക്കും പറയുകയാണെങ്കില്‍ ഒരു ലേഡി വിജയ്‌യാണ് മമിത. അത് നിങ്ങള്‍ക്ക് സിനിമ കാണുമ്പോള്‍ മനസിലാകും. മമിതയുടെ ആക്ഷന്‍ സീനുകള്‍ കണ്ട് അവര്‍ക്ക് വീണ്ടും ആക്ഷന്‍ നല്‍കാന്‍ വിജയ് സാര്‍ ആവശ്യപ്പെട്ടു. ആ പോര്‍ഷനില്‍ വിജയ് സാറിന് ആക്ഷന്‍ കുറവാണ്. ഇത് മാത്രമല്ല, മമിത ചെയ്തതില്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ഡ്യൂഡ്. ആ സിനിമയിലെ കഥാപാത്രം വേറെ ആര് ചെയ്താലും പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന് ഉറപ്പാണ്. ആ ക്യാരക്ടര്‍ ആര്‍ക് മമിത ഗംഭീരമായി ചെയ്തിട്ടുണ്ട്,’ വിനോദ് പറയുന്നു.

റിലീസിന് മുമ്പ് ചിത്രം ലീക്കായത് അഡ്വാന്‍സ് ബുക്കിങ്ങിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയല്ല ജന നായകന് ലഭിക്കുന്നത്. ഇതുവരെ 21 കോടിയാണ് പ്രീ സെയിലായി ചിത്രം നേടിയത്. എന്നിരുന്നാലും ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത കളക്ഷന്‍ ജന നായകന്‍ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: H Vinoth about Mamitha Baiju in Jana Nayagan movie