ആവേശം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് മിഥുന്‍ ജയ് ശങ്കര്‍. പൂജപ്പുരാണം എന്ന യൂട്യൂബ് ചാനലിലൂടെയാണ് മിഥുന്‍ ശ്രദ്ധ നേടിയത്. ആവേശം മിഥുന് വലിയൊരു ബ്രേക്ക്ത്രൂവാണ് നല്‍കിയത്. ചിത്രത്തിലെ ബിബി എന്ന കഥാപാത്രം ഒ.ടി.ടി റിലീസിന് ശേഷവും വലിയരീതിയില്‍ ചര്‍ച്ചയായി.
ആവേശത്തിന് ശേഷം വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ, സെലക്ടീവായാണ് മിഥുന്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. രണ്ട് വര്‍ഷത്തിനിടെ വെറും രണ്ട് സിനിമകള്‍ മാത്രമാണ് മിഥുന്‍ ചെയ്തത്. ഏറ്റവും പുതിയ ചിത്രമായ മണ്ടാടി റിലീസിന് തയാറെടുക്കുകയാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു.

നായകനായ സൂരിക്കൊപ്പം വളരെ പ്രാധാന്യമുള്ള വേഷമാണ് മിഥുന്റേതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നുണ്ട്. പൂര്‍ണ എന്ന കഥാപാത്രം മിഥുന് ഒരുപാട് പ്രശംസ നേടിക്കൊടുക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. പായ് വഞ്ചി റേസും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവുമാണ് മണ്ടാടി സംസാരിക്കുന്നത്. ചിത്രത്തിനായി മിഥുനടക്കം പലരും നടത്തിയ കഷ്ടപ്പാടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മലയാളത്തില്‍ കരിയറാരംഭിച്ച് തമിഴില്‍ ശ്രദ്ധ നേടുന്ന നടന്മാര്‍ കുറവാണ്. മിഥുന്‍ ആ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. ആവേശത്തിന് ശേഷം താരം ഭാഗമായ ടൂറിസ്റ്റ് ഫാമിലി വന്‍ വിജയമായിരുന്നു. നിതൂഷന്‍ എന്ന കഥാപാത്രം വലിയ കൈയടികള്‍ നേടി. കോമഡിയും ഇമോഷനും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതാണ് മിഥുന്റെ ഏറ്റവും വലിയ പ്രത്യേകത.

മണ്ടാടിക്ക് വേണ്ടി താരം നടത്തിയ കഷ്ടപ്പാടുകള്‍ ഓഡിയോ ലോഞ്ചിന്റെ സമയത്ത് വലിയ ചര്‍ച്ചയായിരുന്നു. ആഴക്കടലിലായിരുന്നു ചിത്രത്തിന്റെ പകുതിയിലധികം ഷൂട്ടും. ശാരീരികമായും മാനസികമായും ഒരുപാട് കഷ്ടപ്പെട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും പലപ്പോഴും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളുണ്ടായെന്നുമെല്ലാം മിഥുന്‍ പറഞ്ഞിരുന്നു.
ആവേശത്തില്‍ മിഥുനൊപ്പം സിനിമാലോകത്തേക്ക് വന്ന റോഷന്‍ കോമഡി റോളുകളില്‍ തിളങ്ങുന്നുണ്ട്. പൈങ്കിളിയില്‍ നായകന്റെ സുഹൃത്തായി വേഷമിട്ട റോഷന്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ തുടരുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഷോ സ്റ്റീലറാണ്. ഹിപ്സ്റ്ററാകട്ടെ, ആവേശത്തിന് ശേഷം അധികം സിനിമകളും ചെയ്തിട്ടില്ല. മൂവര്‍ സംഘത്തില്‍ മിഥുന്‍ ഇനിയും ഞെട്ടിക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.
Content Highlight: Mithun Jai Shankar’s role in Mandaadi movie getting appreciation
