മമ്മൂക്കയോട് നമ്പർ ചോദിച്ചപ്പോൾ കേരളത്തിലെ കൊച്ചുകുട്ടികളുടെ കയ്യിൽ പോലുമുണ്ടല്ലോ എന്നായിരിക്കുന്നു അദ്ദേഹത്തിന്റ മറുപടി: ഗ്രേസ് ആന്റണി
Malayalam Cinema
മമ്മൂക്കയോട് നമ്പർ ചോദിച്ചപ്പോൾ കേരളത്തിലെ കൊച്ചുകുട്ടികളുടെ കയ്യിൽ പോലുമുണ്ടല്ലോ എന്നായിരിക്കുന്നു അദ്ദേഹത്തിന്റ മറുപടി: ഗ്രേസ് ആന്റണി
നന്ദന. ടി
Monday, 20th July 2026, 9:04 pm

മലയാള സിനിമയിലെ ശ്രദ്ധേയ യുവ നടിമാരിൽ ഒരാളാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലവ് സ്റ്റോറി, കനകം കാമിനി കലഹം, അപ്പൻ, റോഷാക്ക്, തുടങ്ങി നിരവധി ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം, സ്വാഭാവിക അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അഭിനയത്തിന് പുറമെ സെറ്റുകളിൽ സഹപ്രവർത്തകർക്ക് മമ്മൂട്ടി നൽകുന്ന പിന്തുണയെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും കുറിച്ച് മനസ്സ് തുറക്കുകയാണ് ഗ്രേസ് ആന്റണി. മൂവി വേൾഡ് പോഡ്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

ഗ്രേസ് ആന്റണി.photo.sreen grab/youtube

‘മമ്മൂക്ക അങ്ങനെ ഷൂട്ടിങ്‌ കഴിഞ്ഞ് കാരവാനിൽ ഒന്നും പോയി അടച്ചിരിക്കുന്ന ആളല്ല. സെറ്റിൽ ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ അവരുമായി സംസാരിച്ച് നല്ലൊരു കംഫർട്ട് സ്പേസ് അദ്ദേഹം സൃഷ്ടിക്കാറുണ്ട്. ഒരു അഞ്ച് വയസ്സുള്ള കുട്ടിയാണെങ്കിൽ അവരുടെ ലെവലിലേക്കും, അമ്പത് വയസ്സുള്ള ആളാണെങ്കിൽ അവരുടെ ലെവലിലേക്കും ഇറങ്ങിച്ചെന്ന് സംസാരിക്കാൻ അദ്ദേഹത്തിന് അറിയാം. അത് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ല. എനിക്കൊക്കെ ഒരു രീതിയിൽ മാത്രമേ ആളുകളോട് സംസാരിക്കാൻ പറ്റുകയുള്ളൂ.

ഞാൻ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യം, നമ്മൾ എപ്പോഴെങ്കിലും നന്നായി സ്ട്രെസ്സ്ഡ് ആയിരിക്കുകയാണെങ്കിൽ വന്ന് തമാശകളും ചളികളുമൊക്കെ പറഞ്ഞ് നമ്മളെ ചിരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. എന്നാൽ കുറച്ചു സമയം കഴിഞ്ഞ് അദ്ദേഹത്തിന്റെ മറ്റ് സുഹൃത്തുക്കളൊക്കെ വന്നു കഴിഞ്ഞാൽ, പിന്നീട് അദ്ദേഹം ചർച്ച ചെയ്യുന്ന വിഷയങ്ങൾ നമ്മൾ കേട്ടിട്ടുപോലും ഇല്ലാത്ത അത്ര വലിയ കാര്യങ്ങളായിരിക്കും. ഒരു മിനിറ്റ് അദ്ദേഹത്തിന്റെ കൂടെ ഇരുന്നാൽ പുതിയൊരു അമ്പത് കാര്യങ്ങൾ നമുക്ക് പഠിക്കാൻ കഴിയും. അതാണ് ഞാൻ പറഞ്ഞത്, അഭിനയം മാറ്റിവവെച്ചാൽ വിവരങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് അദ്ദേഹം. പക്ഷെ ഇതിനൊക്കെ അദ്ദേഹത്തിന് എവിടെ നിന്ന് സമയം കിട്ടുന്നു എന്ന് എനിക്ക് അറിയില്ല,’ ഗ്രേസ് ആന്റണി പറഞ്ഞു.

മമ്മൂക്കയെ കുറിച്ച് എല്ലാവരും പറയുന്ന മറ്റൊരു കാര്യമായ മെസ്സേജുകൾക്ക് പെട്ടെന്ന് മറുപടി നൽകുന്ന ശീലത്തെക്കുറിച്ചും ഗ്രേസ് ഓർത്തെടുത്തു.

റോഷാക്ക് സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന സമയത്താണ് ചെറിയ മടിയോടെയാണെങ്കിലും ഞാൻ മമ്മൂക്കയോട് ഫോൺ നമ്പർ ചോദിക്കുന്നത്. ആ സമയത്ത് എന്റെ നമ്പർ കേരളത്തിലെ കൊച്ചുകുട്ടികളുടെ അടുത്ത് വരെയുണ്ടല്ലോ എന്ന രസകരമായ മറുപടിയായിരുന്നു അദ്ദേഹം തന്നത്. പിന്നീട് ചില പ്രത്യേക ദിവസങ്ങളിലൊക്കെ നമ്മൾ മമ്മൂക്കയോട് ‘സുഖമാണോ’ എന്നൊക്കെ ചോദിച്ച് മെസ്സേജ് അയച്ചാൽ, ചിലപ്പോൾ ഒരു കൂപ്പുകൈ ഇമോജി മാത്രമാവും തിരിച്ചു വരിക. അത് കാണുമ്പോൾ സുഖമാണെന്നാണോ അതോ മടുത്തു പോകൂ എന്നാണോ എന്നൊക്കെ നമുക്ക് കൺഫ്യൂഷൻ ആകും. എങ്കിലും അദ്ദേഹം അതിനൊക്കെ സമയം കണ്ടെത്തി എല്ലാവർക്കും റിപ്ലൈ കൊടുക്കാറുണ്ട്,’ ഗ്രേസ് ആന്റണി പറഞ്ഞു.

ഗ്രേസ് ആന്റണി.photo.screen grab/youtube

Content Highlight: Grace antony talks about mammootty

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം