പ്രതീക്ഷിച്ചത് ഒ.ജി മോഹന്‍ലാലിനെ, കിട്ടിയത് മറ്റൊരു ഒ.ജി ഗോപാല്‍ജിയെ, കത്തനാര്‍ ട്രെയ്‌ലറിന് പിന്നാലെ ഉണര്‍ന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
പ്രതീക്ഷിച്ചത് ഒ.ജി മോഹന്‍ലാലിനെ, കിട്ടിയത് മറ്റൊരു ഒ.ജി ഗോപാല്‍ജിയെ, കത്തനാര്‍ ട്രെയ്‌ലറിന് പിന്നാലെ ഉണര്‍ന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Tuesday, 31st March 2026, 7:39 pm

നാല് വര്‍ഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പായിരുന്നു കത്തനാര്‍ എന്ന ചിത്രത്തിന് വേണ്ടി സിനിമാപ്രേമികള്‍ നടത്തിയത്. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍, ഹോം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോജിന്‍ തോമസ് അണിയിച്ചൊരുക്കുന്ന കത്തനാര്‍ എപിക് ഫാന്റസി ഴോണറില്‍ മോളിവുഡ് ഇന്നേവരെ കാണാത്ത വിഷ്വല്‍ ട്രീറ്റാണെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

കത്തനാര്‍ Photo: Jayasurya/ Facebook

ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇതുവരെ കേട്ട വാര്‍ത്തകളെല്ലാം ശരിവെക്കുന്ന തരത്തില്‍ വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കത്തനാറെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നുണ്ട്. എന്നാല്‍ മലയാളികള്‍ കാലങ്ങളായി കേട്ട കടമറ്റത്ത് കത്തനാര്‍ എന്ന സങ്കല്പവുമായി ബന്ധമില്ലാത്ത കഥയാണ് സിനിമയുടേതെന്ന് തോന്നുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ പല സിനിമാപേജുകളും ഡീകോഡിങ്ങും റിയാക്ഷനുമായി രംഗത്തെത്തിക്കഴിഞ്ഞു. ചിത്രത്തില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍ അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ സെറ്റിലെ മോഹന്‍ലാലിന്റെ സാന്നിധ്യം റൂമറുകളെ ബലപ്പെടുത്തി. ട്രെയ്‌ലറില്‍ ഒരു ഷോട്ടിലെങ്കിലും മോഹന്‍ലാലിനെ കാണിക്കുമോ എന്ന് നോക്കിയിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം.

കത്തനാര്‍ Photo: Trending Cinema/ Facebook

എന്നാല്‍ മോഹന്‍ലാലിനെ കാണിച്ചില്ലെങ്കിലും മറ്റൊരു കഥാപാത്രത്തെ കാണിച്ചത് ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് ഗോകുലം ഗോപാലന്‍ കത്തനാറില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ട്രെയ്‌ലറില്‍ ഒരൊറ്റ ഷോട്ടില്‍ മാത്രം കാണിച്ച ഗോപാല്‍ജിയാണ് പ്രധാന ചര്‍ച്ചാവിഷയം. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലായിക്കഴിഞ്ഞു.

ഗോകുലം മൂവീസിന്റെ മുന്‍ ചിത്രമായ ഭ ഭ ബയില്‍ ഗോകുലം ഗോപാലാന്റെ ആശാന്‍ എന്ന കഥാപാത്രം പറയുന്ന ‘എന്ത് ഹൈപ്പാണെടാ ഇത്, നിര്‍ത്തെടാ നിന്റെ ഹൈപ്പ്’ എന്ന ഡയലോഗ് സര്‍ക്കാസം രൂപത്തില്‍ ചിലര്‍ കമന്റായി പങ്കുവെക്കുന്നുണ്ട്. ‘റിയല്‍ ഒ.ജി മോഹന്‍ലാലിനെ കിട്ടിയില്ലെങ്കിലെന്താ, മറ്റൊരു ഒ.ജി ഗോപാല്‍ജി ഉണ്ടല്ലോ, തത്കാലം ഇതുവെച്ച് അഡ്ജസ്റ്റ് ചെയ്യ്’, ‘പെട്ടെന്ന് കണ്ടപ്പോള്‍ മാമുക്കോയ ആണെന്ന് വിചാരിച്ചു’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

കത്തനാറില്‍ ഗോകുലം ഗോപാലന്‍ Photo: Screen grab/ Sree Gokulam Movies

ജയസൂര്യ നായകനായെത്തുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. പ്രഭുദേവ, സാന്‍ഡി, വിനീത്, നിതീഷ് ഭരദ്വാജ്, സനൂപ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ത്രീ.ഡിയിലണിയിച്ചൊരുക്കിയ ചിത്രം ജൂണില്‍ തിയേറ്ററുകളിലെത്തും.

Content Highlight: Gokulam Gopalan’s presence in Kathanar Trailer getting trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം