കോഴിക്കോട്: ഐ ലീഗില്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഗോകുലം എഫ്.സിയ്ക്ക് സമനില. ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത മോഹന്‍ ബഗാനോട് സമനില വഴങ്ങിയിരിക്കുകയാണ് ഗോകുലം.

ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ് വഴങ്ങിയ ഗോകുലം രണ്ടാം പകുതിയില്‍ ബഗാന്‍ നേടിയ സെല്‍ഫ് ഗോളിനാണ് സമനില സ്വന്തമാക്കിയത്.

നാല്‍പതാം മിനിറ്റില്‍ ഉഗാണ്ടന്‍ താരം ഹെന്റി കിസ്സെക്കയാണ് ബഗാന്റെ ഗോള്‍ നേടിയത്. ഫ്രീകിക്കില്‍ നിന്നായിരുന്നു ഹെന്റിയുടെ ഗോള്‍.

ALSO READ: സംസ്ഥാന സ്‌കൂള്‍ മീറ്റ്; അഭിനവ് സിയും ആന്‍സിയും വേഗമേറിയ താരങ്ങള്‍

രണ്ടാം പകുതിയില്‍ ഉഗാണ്ടന്‍ താരം കിം കിമയുടെ കാലില്‍ നിന്നു വീണ സെല്‍ഫ് ഗോളാണ് ഗോകുലത്തിന് സമനില സമ്മാനിച്ചത്. പകരക്കാരനായിറങ്ങിയ എസ്.രാജേഷ് നടത്തിയ നീക്കമാണ് സെല്‍ഫ് ഗോളിന് വഴിവച്ചത്.

ആക്രമണ ഫുട്‌ബോളാണ് ബഗാന്‍ ആദ്യപകുതിയില്‍ പുറത്തെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോകുലം മത്സരത്തിലേക്ക് തിരിച്ചുവന്നു.

എസ്. രാജേഷിന്റെ വരവാണ് ഗോകുലത്തെ ആലസ്യത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ചത്. രാജേഷ് എത്തിയതോടെ അര ഡസനോളം ആക്രമണങ്ങളാണ് ഗോകുലം നടത്തിയത്. ഇതില്‍ ഒന്ന് ഗോളാവുകയും രണ്ടെണ്ണമെങ്കിലും ഗോളിനടുത്തെത്തുകയും ചെയ്തു.

WATCH THIS VIDEO: