യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കില്ല: ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
World
യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കില്ല: ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
നിഷാന. വി.വി
Monday, 30th March 2026, 1:45 pm

വത്തിക്കാന്‍: യുദ്ധം ചെയ്യുന്നവരുടെയും കൈ നിറയെ രക്തകറയുള്ളതുമായ നേതാക്കളുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ.

അക്രമവും യുദ്ധവും അവസാനിപ്പിക്കണമെന്ന് വത്തിക്കാനിലെ സെന്റ് പിറ്റേവ്‌സ് സ്‌ക്വയറില്‍ നടന്ന ഓശാന ഞായര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

സ്വന്തം താത്പര്യങ്ങള്‍ക്കും അധികാരത്തിനും വേണ്ടി യുദ്ധം ചെയ്യുന്നവര്‍ തങ്ങളുടെ അക്രമ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ ക്രിസ്തീയ വിശ്വാസത്തെയോ ദൈവേെത്തായോ ഉപോയോഗിക്കേണ്ടതില്ലെന്നും പോപ്പ് പറഞ്ഞു.

സമാധനത്തിന്റെ ദൈവമായ യേശു യുദ്ധത്തെ നിരാകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ അവിടുന്ന് യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കില്ല. മറിച്ച് അവരെ തള്ളികളഞ്ഞുകൊണ്ട് ഇപ്രകാരം അരുളി ചെയ്യുന്നു. ‘നിങ്ങള്‍ എത്ര തന്നെ പ്രാര്‍ത്ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കൈകള്‍ രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നു,’ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ആശങ്കയറിയിച്ച പോപ്പ് പ്രദേശങ്ങളിലെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ കാരണം ഈസ്റ്റര്‍ ആഘോഷിക്കാന്‍ പലര്‍ക്കും കഴിഞ്ഞേക്കില്ലെന്നും പറഞ്ഞു.

സമാധാന ചര്‍ച്ചകള്‍ക്കുളള ആഹ്വാനം അദ്ദേഹം ആവര്‍ത്തിച്ചു. സംഘര്‍ഷങ്ങളെക്കാള്‍ മാനുഷിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പോപ്പ് നേരത്തെയും ലോക നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

ഇറാനുമായുള്ള യുദ്ധത്തിനിടയില്‍ പെന്റഗണില്‍ നടന്ന ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍, ശത്രുക്കള്‍ക്കെതിരെ ‘കരുണയില്ലാത്ത അതിശക്തമായ ആക്രമണം’ നടത്തണമെന്ന് യേശുക്രിസ്തുവിന്റെ നാമത്തില്‍ ശത്രുക്കളെ നശിപ്പിക്കാന്‍ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

ഇത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് പോപ്പിന്റെ പരോക്ഷ പരാമര്‍ശം.
പെന്റഗണിലെ ഇത്തരം മതപരമായ ചടങ്ങുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ‘അമേരിക്കന്‍സ് യുണൈറ്റഡ് ഫോര്‍ സെപ്പറേഷന്‍ ഓഫ് ചര്‍ച്ച് ആന്‍ഡ് സ്റ്റേറ്റ്’ കോടതിയെ സമീപിച്ചിട്ടുണ്ട്.

Content content Highlight: God will not hear the prayers of those who wage war: Pope Leo XIV

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.