അവരുടെ കൂടെ വർക്ക് ചെയ്യാൻ ഒരു എക്സ്ട്രാ കംഫേർട്ട് ആണ്: ഗിരീഷ് എ ഡി
Malayalam Cinema
അവരുടെ കൂടെ വർക്ക് ചെയ്യാൻ ഒരു എക്സ്ട്രാ കംഫേർട്ട് ആണ്: ഗിരീഷ് എ ഡി
നന്ദന. ടി
Tuesday, 25th August 2026, 2:26 pm

കുമ്പളങ്ങി നൈറ്റ്‌സ്, ജോജി, പാൽതു ജാൻവർ, തങ്കം, പ്രേമലു തുടങ്ങിയ മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച പ്രമുഖ നിർമ്മാണ കമ്പനിയാണ് ഭാവനാ സ്റ്റുഡിയോസ്. നടൻ ഫഹദ് ഫാസിൽ, സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ നിർമ്മാണ കമ്പനിക്ക് തുടക്കം കുറിച്ചത്. 2024-ൽ ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നസ്‌ലെൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പ്രേമലു നേടിയ വമ്പൻ വിജയം ഭാവനാ സ്റ്റുഡിയോസിന്റെ ബ്രാൻഡ് വാല്യൂ ഏറെ ഉയർത്തിയിരുന്നു.

ഈ വിജയത്തിനു ശേഷം ഗിരീഷ് എ.ഡിയും ഭാവനാ സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച നിവിൻ പോളി-മമിത ബൈജു ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. ഈ ചിത്രത്തിന്റെ വിജയത്തോടെ, നല്ല സിനിമകൾ തെരഞ്ഞെടുത്ത് നിർമ്മിക്കുന്നതിൽ തങ്ങൾ വീണ്ടും വിജയിച്ചിരിക്കുകയാണെന്ന് ഭാവനാ സ്റ്റുഡിയോസിന് അവകാശപ്പെടാം.

ഭാവനാ സ്റ്റുഡിയോസ്. Photo. X.com

തന്റെ രണ്ട് ഹിറ്റ് സിനിമകളും നിർമ്മിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ സിനിമകൾ ചെയ്യുന്നത് ഏറെ ആത്മവിശ്വാസം നൽകുന്ന ഒന്നാണെന്ന് പറയുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മികച്ച സിനിമകൾ നിർമ്മിച്ചിട്ടുള്ള ഒരു ബാനറാണ് ഭാവനാ സ്റ്റുഡിയോസ്. അതുകൊണ്ടുതന്നെ അവരുടെ കൂടെ പ്രവർത്തിക്കുക എന്നത് ഏറെ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. കാരണം, സിനിമയുടെയോ തിരക്കഥയുടെയോ കാര്യത്തിൽ എന്തെങ്കിലും സംശയങ്ങൾ വന്നാൽ ചോദിക്കാൻ പറ്റിയ ആളുകളാണ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും.

ഒരു പ്രൊഡക്ഷൻ ഹൗസിൽ അങ്ങനെ രണ്ടുപേർ ഉണ്ടാകുക എന്നത് വലിയൊരു സപ്പോർട്ടിംഗ് ഫാക്ടറാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ കൂടെ സിനിമ ചെയ്യുമ്പോൾ ഒരു എക്സ്ട്രാ കംഫർട്ട് ഫീൽ ചെയ്യാറുണ്ട്,’ ഗിരീഷ് എ ഡി പറഞ്ഞു.

തുടർച്ചയായി റോം-കോം സിനിമകൾ ചെയ്യുന്നത് ആ ഴോണറിൽ ഇനിയും കഥകൾ പറയാൻ ഉള്ളതുകൊണ്ടാണോ എന്ന അവതാരകന്റെ ചോദ്യത്തിനും ഗിരീഷ് എ ഡി മറുപടി നൽകി.

ഗിരീഷ് എ ഡി. X.com

‘ഒരു കണക്കിന് അങ്ങനെ തന്നെയാണ്, കാരണം റോമാൻസ് ഒക്കെ ഇനിയും വേണമെങ്കിൽ പറയാൻ സാധിക്കുന്ന വിഷയമാണ്. പക്ഷേ കുറച്ചുകഴിഞ്ഞാൽ ഒരുപക്ഷേ ഇനി ഇതിൽ ഒന്നും പറയാനില്ല എന്ന രീതിയിൽ സ്റ്റോക്ക് തീരാനുള്ള സാധ്യതയുമുണ്ട്. ഇത്രയും നാൾ അത് വർക്ക് ആയതുകൊണ്ടാണ് റോമാൻസ് അല്പം റിപ്പീറ്റ് ചെയ്തു പോകുന്നത്,’ ഗിരീഷ് എ.ഡി. പറഞ്ഞു.

Content Highlight: Gireesh AD talks about Bhavana Studios

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം