[]ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലേയ മാര്‍ക്കലിന്റെ ഫോണ്‍  അമേരിക്ക ചോര്‍ത്തുന്നുവെന്ന വാര്‍ത്തയില്‍ ജര്‍മ്മനിക്ക് കടുത്ത അതൃപ്തി. വിഷയത്തില്‍ അമേരിക്കയുടെ വിശദീകരണം ആവശ്യപ്പെട്ട് യു.എസ് അംബാസഡറെ ജര്‍മ്മനി വിളിച്ചുവരുത്തി.

തന്റെ ഫോണ്‍ ചോര്‍ത്തുന്നതിലെ അതൃപ്തി ആഞ്ചേല മാര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ നേരിട്ട് വിളിച്ച് അറിയിക്കുകയും ചെയ്തു. ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് വ്യക്തവും പൂര്‍ണവുമായ വിശദീകരണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആഞ്ചലയുടെ ഫോണ്‍ ചോര്‍ത്തുന്നില്ലെന്നാണ് ഒബാമയുടെ മറുപടി. ഇനിയൊരിക്കലും ചോര്‍ത്തുകയില്ലെന്നും ഒബാമ അറിയിച്ചതായി വൈറ്റ്ഹൗസ് വക്താവ് ജേ കാര്‍നെ പറഞ്ഞു.

എന്നാല്‍ ഫോണ്‍ ചോര്‍ത്തിയതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് ജര്‍മനി വ്യക്തമാക്കി. എവിടെ നിന്നാണ് വിവരം ലഭിച്ചതെന്ന് ജര്‍മനി പുറത്തുവിട്ടില്ല. എഡ്വേര്‍ഡ് സ്‌നോഡന്‍ തന്നെയാണ് പുതിയ വെളിപ്പെടുത്തലിന് പിന്നിലുമെന്നാണ് ചില പത്രങ്ങള്‍ പറയുന്നത്.

മെര്‍ക്കലിന്റെയും ഫ്രാന്‍സിലെ ലക്ഷക്കണക്കിനാളുകളുടെയും ഫോണ്‍സംഭാഷണങ്ങള്‍ യു.എസ്. ചാരസംഘടനകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത തിങ്കളാഴ്ചയാണ് പുറത്ത് വന്നത്.

വാഷിങ്ടണിലെയും ഐക്യരാഷ്ട്രസഭയിലെയും ഫ്രഞ്ച് അംബാസഡര്‍മാരുടെ വിവരങ്ങളും ചോര്‍ത്തിയതായി ഒരു പത്രം വെളിപ്പെടുത്തി.