'ജെന്‍ സീ എപ്പോഴും ബി.ജെ.പിക്കൊപ്പം; മോദിക്കുള്ള പിന്തുണ കണ്ട് രാഹുല്‍ വിരണ്ടിരിക്കുന്നു': അവകാശ വാദങ്ങളുമായി പീയൂഷ് ഗോയല്‍
India
'ജെന്‍ സീ എപ്പോഴും ബി.ജെ.പിക്കൊപ്പം; മോദിക്കുള്ള പിന്തുണ കണ്ട് രാഹുല്‍ വിരണ്ടിരിക്കുന്നു': അവകാശ വാദങ്ങളുമായി പീയൂഷ് ഗോയല്‍
റെന്വര്‍ പി
Sunday, 2nd August 2026, 8:46 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുവാക്കള്‍ക്കിടയില്‍ പിന്തുണ വര്‍ധിച്ചു വരുന്നത് കണ്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിരണ്ടിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ പീയൂഷ് ഗോയല്‍. ജെന്‍ സി തലമുറ എപ്പോഴും തങ്ങള്‍ക്കൊപ്പമാണെന്നും ഗോയല്‍ അവകാശപ്പെട്ടു.

ഒരു കാലത്ത് യുവാക്കള്‍ക്കിടയില്‍ രാഹുലിനുണ്ടായിരുന്ന സ്വീകാര്യത ഇപ്പോഴില്ല. ബി.ജെ.പിക്ക് പുതിയ തലമുറയുടെ പിന്തുണ ലഭിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഗോയല്‍ അവകാശപ്പെടുന്നു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി വര്‍ധിച്ചുവരുന്നതും യുവാക്കളുമായി അദ്ദേഹം ഇടപെടുന്ന രീതിയും കാരണം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഭയം തോന്നുന്നു. ഗാന്ധി സ്വയം ഒരു യുവ നേതാവായിട്ടാണ് കരുതിയിരുന്നത്. പ്രധാനമന്ത്രി മോദിയോളം ജനപ്രിയനല്ല അദ്ദേഹം ഇപ്പോള്‍ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്,’ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള മോദിയുടെ കാഴ്ചപ്പാടിനെ പിന്തുണക്കുന്നത് യുവാക്കള്‍ തുടരും’ എന്നും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു. ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവാണ് മോദിയെന്നാണ് ഗോയലിന്റെ മറ്റൊരു അവകാശ വാദം. പ്രധാനമന്ത്രി യുവാക്കളുമായി ഇടപെടുന്നതും വിവിധ സമൂഹ മാധ്യമങ്ങളിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യവും രാജ്യത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുമെന്നും ഗോയല്‍ അവകാശപ്പെടുന്നു.

രാജ്യത്ത് നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളില്‍ അടക്കം പധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് പീയൂഷ് ഗോയലിന്റെ പ്രതികരണം. പൊലീസ് അതിക്രമങ്ങള്‍ക്ക് പുറമെ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് കേസുകളിലും പ്രതിഷേധക്കാരുടെ സമൂഹ മാധ്യമങ്ങള്‍ നീക്കം ചെയ്യുന്ന നടപടികളിലും കേന്ദ്രത്തിനും മോദിക്കും എതിരെ പ്രതിപക്ഷ കക്ഷികള്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

തനിക്കെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അപ് ലോഡ് ചെയ്ത വിദ്യാര്‍ത്ഥികളോട് താന്‍ ക്ഷമിക്കുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള മോദിയുടെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മോദിക്കെതിരെ അധിക്ഷേപകരമായ വീഡിയോകള്‍ പങ്കുവച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോദിയുടെ വീഡിയോ സന്ദേശം.

ഈ വീഡിയോ പുറത്ത് വന്ന ശേഷവും മോദിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍.

പൊലീസ് അതിക്രമത്തില്‍ മോദി പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള വീഡിയോ അപ് ലോഡ് ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഇന്നലെ (ഓഗസ്റ്റ് ഒന്ന്, ശനി) പ്രതികരിച്ചിരുന്നു. സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച ഒരു വീഡിയോയിലായിരുന്നു ദീപ്‌കെയുടെ പ്രതികരണം.

‘ഇന്നലെ നമ്മള്‍ മോദിജിയുടെ ഒരു വീഡിയോ കണ്ടു. എല്ലാ വിദ്യാര്‍ത്ഥികളോടും ക്ഷമിക്കുകമെന്ന് ആ വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. ഇന്ന് മോദി ജി ഒരു വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ജൂലൈ 20ന് പോലീസ് ചെയ്ത ക്രൂരതയ്ക്ക് ആ വീഡിയോയില്‍ മോദി ജി എല്ലാ വിദ്യാര്‍ത്ഥികളോടും ക്ഷമ ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ദീപ്‌കെ വീഡിയോയില്‍ പറഞ്ഞു.

’12 വയസ്സുള്ള വിദ്യാര്‍ത്ഥികളെ പോലീസ് തലയില്‍ അടിച്ചു. സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. പ്രതിഷേധക്കാരായ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു. അതുകൊണ്ട്, ആക്രമിക്കപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളോടും ഇന്ന് രാത്രിയിലെ വീഡിയോയില്‍ മോദിജി ക്ഷമ ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ എന്നും ദീപ്‌കെ വീഡിയോയില്‍ പറഞ്ഞിരുന്നു.

Content Highlight: Gen Z ‘always with’ BJP: Piyush Goyal claims Rahul ‘feels threatened’ by Modi’s youth connect

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.