ഇന്ത്യന്‍ ടി-20 ടീമിന്റെ പ്ലെയിങ് ഇലവനില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കി കൗമാര താരം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയതിന് പിന്നിലെ വൈകാരിക നിമിഷങ്ങളെക്കുറിച്ചും കടുത്ത തീരുമാനത്തെക്കുറിച്ചും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍.
കോച്ചിങ് കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നു അതെന്നും ആ രാത്രി തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്നും ഗംഭീര്‍ വെളിപ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ജിയോ സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗതം ഗംഭീര്‍.
‘എന്റെ രണ്ട് വര്‍ഷത്തെ പരിശീലക ജീവിതത്തിനിടയില്‍ എനിക്ക് ഉറങ്ങാന്‍ കഴിയാതെ പോയ ഒരേയൊരു രാത്രി അതായിരുന്നു. ഇതേക്കുറിച്ച് ഞാന്‍ സഞ്ജുവിനോട് സംസാരിക്കുകയും ചെയ്തിരുന്നു.
ടി-20 ഫോര്‍മാറ്റില്‍ എന്റെ പരിശീലക കാലയളവയിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നു അത്. കാരണം, തൊട്ടുമുമ്പ് നടന്ന ലോകകപ്പില്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഒരാളെ, മൂന്നോ നാലോ മത്സരങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് പുറത്തിരുത്തേണ്ടി വരുന്നു.
വൈഭവ് സൂര്യവംശി അത്രയും മികച്ച ഫോമിലായിരുന്നു എന്നതാണ് ആ തീരുമാനത്തിന് പിന്നിലെ കാരണം. കൂടാതെ ഞങ്ങള്‍ക്ക് ആ പരമ്പര ജയിക്കേണ്ടതുമുണ്ടായിരുന്നു. കാരണം നിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോഴോ ടീമിനെ പരിശീലിപ്പിക്കുമ്പോഴോ, സാധ്യമായ എല്ലാ പരമ്പരകളും ജയിക്കുക എന്നതാണ് പ്രധാനം.
ഞാന്‍ സഞ്ജുവിനോട് വളരെ തുറന്ന് സംസാരിച്ചു. വൈഭവിന്റെ മികച്ച ഫോമും, മുന്‍നിരയില്‍ ടീമിന് റണ്‍സ് കണ്ടെത്തി ഒരു മികച്ച തുടക്കം നല്‍കേണ്ടതിന്റെ ആവശ്യകതയുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഞാന്‍ അവനോട് പറഞ്ഞു. സഞ്ജു അത് വളരെ പോസിറ്റീവായാണ് എടുത്തത്.

വിജയത്തിന് പിന്നാലെ സഞ്ജു സാംസണെ അഭിനന്ദിക്കുന്ന ഗംഭീർ. Photo: BCCI/x.com
ഫോമിലുള്ള താരങ്ങള്‍ പോലും ചിലപ്പോള്‍ തങ്ങളുടെ അവസരത്തിനായി കാത്തിരിക്കേണ്ടി വരും എന്ന യാഥാര്‍ത്ഥ്യം ഞാന്‍ സഞ്ജുവിനെ മനസിലാക്കിക്കൊടുത്തു. സോഷ്യല്‍ മീഡിയയോ പുറത്തുനിന്നുള്ള ബഹളങ്ങളോ അല്ല പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത്. ഡ്രസ്സിങ് റൂമിലുള്ളവര്‍ക്കും പരിശീലകനും ക്യാപ്റ്റനും വിജയിക്കാന്‍ ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന മികച്ച ടീമിനെയാണ് തിരഞ്ഞെടുക്കുന്നത്.
വൈഭവ് അല്ലെങ്കില്‍ മറ്റാരെങ്കിലും കളിച്ചാല്‍, അത് അഭിഷേകായാലും സഞ്ജുവായാലും പുറത്തുപോകേണ്ടി വരുന്നവരുമായി സമാനമായ കടുത്ത സംഭാഷണങ്ങള്‍ നടത്തേണ്ടി വരും. അതുകൊണ്ട് കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷമായി മികച്ച പ്രകടനം നടത്തുന്ന ഒരു കൂട്ടുകെട്ടിനെ, മൂന്നോ നാലോ മത്സരങ്ങളില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് പെട്ടെന്ന് മാറ്റിനിര്‍ത്താനാകില്ല.
കഴിവും ഫോമുമുള്ള ഒരു യുവതാരം വരുമ്പോഴും മുതിര്‍ന്ന താരങ്ങള്‍ക്ക് അവരുടെ അവസരത്തിനായി കാത്തിരിക്കേണ്ടി വരും. ഡ്രസ്സിങ് റൂമില്‍ കളിക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

വൈഭവ് സൂര്യവംശി | ഗൗതം ഗംഭീര്‍.
എനിക്ക് ജനപ്രിയ തീരുമാനങ്ങള്‍ എടുക്കാന്‍ എളുപ്പമാണ്, എന്നാല്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് ഏറ്റവും പ്രയാസം. സഞ്ജുവിനെയും അഭിഷേകിനെയും പിന്തുണയ്ക്കാനുള്ള ശരിയായ തീരുമാനമാണ് ഞങ്ങള്‍ എടുത്തത്,’ ഗംഭീര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് മാഞ്ചസ്റ്ററില്‍ വെച്ച് സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. ശേഷം സിംബാബ്വേയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും സഞ്ജു പുറത്താവുകയും ചെയ്തു.
എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ നാട്ടിലെ ടി-20 പരമ്പരയില്‍ സഞ്ജു ടീമിലേക്ക് തിരിച്ചെത്തുകയും തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ ഇന്ത്യയെ 3-0ന് പരമ്പര വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
വൈഭവിന്റെ മികച്ച പ്രകടനങ്ങള്‍ ടീമില്‍ ശക്തമായ മത്സരമുണ്ടാക്കുന്നുണ്ടെങ്കിലും, മുന്‍നിര കളിക്കാര്‍ക്ക് ഉറപ്പുള്ള പിന്തുണ നല്‍കാനാണ് ടീം മാനേജ്‌മെന്റ് മുന്‍ഗണന നല്‍കുന്നതെന്ന് ഗംഭീര്‍ വ്യക്തമാക്കി.
Content Highlight: Gautam Gambhir stated that dropping Sanju Samson from the team was a difficult decision in his coaching career.
