ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്ളായ രണ്ട് ടീമിലെ ഏറ്റവും സക്‌സസ്ഫുള്ളായ രണ്ട് താരങ്ങളാണ് കരീബിയന്‍ കരുത്തന്‍മാരായ കെയ്‌റോണ്‍ പൊള്ളാര്‍ഡും ഡ്വെയ്ന്‍ ബ്രാവോയും. മുംബൈ ഇന്ത്യന്‍സിന്റെ പല കിരീടവിജയങ്ങളിലും നിര്‍ണായക സാന്നിധ്യമായ പൊള്ളാര്‍ഡും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരാക്കിയ ബ്രാവോയും ഐ.പി.എല്ലിലെ ഇതിഹാസ താരങ്ങള്‍ തന്നെയാണ്.

ഐ.പി.എല്ലില്‍ നിന്നും വിരമിച്ച ശേഷം ഇരുവരും സ്വന്തം ടീമിന്റെ പരിശീലകരായി ചുമതലയേറ്റിരുന്നു. പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് കോച്ചായപ്പോള്‍ ബ്രാവോ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകനായും ചുമതലയേറ്റിരുന്നു.

 

 

റൈവല്‍ ടീമുകളിലാണെങ്കിലും കളിക്കളത്തിനകത്തും പുറത്തും നിറഞ്ഞ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. വിന്‍ഡീസിന്റെ മെറൂണ്‍ ജേഴ്‌സിയില്‍ തുടങ്ങിയ ബന്ധം അവരിപ്പോഴും തുടരുകയാണ്.

 

ഐ.പി.എല്‍ വിജയത്തിന് പിന്നാലെ ബ്രാവോ പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാറിയെന്ന് ബ്രാവോ പറയുമ്പോള്‍ അതിനെ എതിര്‍ക്കുകയാണ് പൊള്ളാര്‍ഡ്. ചെന്നൈക്ക് മാത്രമല്ല മുംബൈ ഇന്ത്യന്‍സും ഐ.പി.എല്ലില്‍ അഞ്ച് തവണ കിരീടം നേടിയവരാണെന്ന് ഓര്‍മിപ്പിക്കാനും പൊള്ളാര്‍ഡ് മറന്നില്ല.

എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ട് തവണ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയിട്ടുണ്ടെന്നും മുംബൈക്ക് ഒറ്റ കിരീടം മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ എന്നും ബ്രാവോ തിരിച്ചടിച്ചു.