ആര്‍.ഡി.എക്‌സിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ആന്റണി വര്‍ഗീസ് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ജയിലര്‍ സിനിമ ഹിറ്റ് ആയപ്പോള്‍ രജനി സാറിന് ബി.എം.ഡബ്ല്യു. കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാന്‍ ചെന്ന റോബര്‍ട്ടും ഡോണിയും സേവിയും എന്ന് പറഞ്ഞാണ് ആന്റണിയുടെ കുറിപ്പ് തുടങ്ങുന്നത്.

താന്‍ വീട്ടിലെ മതില്‍ പൊളിച്ചു ഗേറ്റ് വലുതാക്കാന്‍ തുടങ്ങുവാണെന്നും പിന്നെ നഹാസ് പോര്‍ഷേ ഓടിക്കാന്‍ പഠിച്ചു തുടങ്ങിയെന്നുമാണ് കേള്‍ക്കുന്നതെന്നും ഫോസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആന്റണി പറഞ്ഞു.

‘ജയിലര്‍ സിനിമ ഹിറ്റ് ആയപ്പോള്‍ രജനി സാറിനു ബി.എം.ഡബ്ലു കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാന്‍ ചെന്ന റോബര്‍ട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാന്‍ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും.

ഇന്നലെ പറയാന്‍ പറ്റിയില്ല, അതോണ്ട്, ഇപ്പോ പറയാ ഞാന്‍ വീട്ടിലെ മതില്‍ പൊളിച്ചു ഗേറ്റ് വലുതാക്കാന്‍ തുടങ്ങാണട്ടോ. പിന്നെ നഹാസ് പോര്‍ഷേ ഓടിക്കാന്‍ പഠിച്ചു തുടങ്ങിയെന്ന കേള്‍ക്കുന്നെ,’ ആന്റണി കുറിച്ചു.

പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയുടെ റിയാക്ഷനോടെയാണ് സോഷ്യല്‍ മീഡിയ ആന്റണിയുടെ പോസ്റ്റിനെ സ്വീകരിച്ചത്.

അതേസമയം ബോക്‌സ് ഓഫീസില്‍ 50 കോടി പിന്നിട്ടിരിക്കുകയാണ് ആര്‍.ഡി.എക്‌സ്. ഒമ്പത് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയതെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഇതോടെ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ ലിസ്റ്റിലേക്കും ആര്‍.ഡി.എക്‌സ് എത്തി.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സിന്റെ തിരക്കഥ രചിച്ചത് ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരര്‍ ചേര്‍ന്നാണ്. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Funnu facebook post shared by Anthony Varghese is gaining attention