തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് ആട് 3. ഉറങ്ങിക്കിടന്ന തിയേറ്ററുകളെ ജനസാഗരമാക്കി മാറ്റിയ ചിത്രം മൂന്ന് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിയിലേറെ നേടിക്കഴിഞ്ഞു. ഈ വര്‍ഷത്തെ ആദ്യ 100 കോടി ആട് 3 സ്വന്തമാക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി പാപ്പനും കൂട്ടരും തിരിച്ചെത്തിയപ്പോള്‍ പഴയതിനെക്കാള്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

മുന്‍ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി രണ്ട് കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. വലിയ ക്യാന്‍വാസില്‍ വ്യത്യസ്തമായ പരീക്ഷണമാണ് മിഥുന്‍ മാനുവല്‍ ആട് 3യില്‍ നടത്തിയത്. പഴയ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചിലരും മൂന്നാം ഭാഗത്തില്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. പാപ്പന്റെ ഗ്യാങ്ങില്‍ ഫുക്രു (കൃഷ്ണ ജീവ്) വന്നതാണ് ആട് സീരീസിലെ പ്രധാന മാറ്റം.

റിലീസിന് മുമ്പ് ആട് 3യില്‍ പലരും നെഗറ്റീവായി പറഞ്ഞത് ഫുക്രുവിന്റെ സാന്നിധ്യമായിരുന്നു. പാപ്പന്റെ ഗ്യാങ്ങിലുണ്ടായിരുന്ന മൂങ്ങ എന്ന കഥാപാത്രത്തിന്റെ അനിയനായാണ് ഫുക്രുവിനെ ഉള്‍പ്പെടുത്തിയത്. ഇത്രയും വലിയൊരു സിനിമയില്‍ ഫുക്രു ഭാഗമാകുന്നത് പലരുടെയും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ റിലീസിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഗ്യാങ്ങിന്റെ കൂടെ എപ്പോഴും ഉള്ള ഫുക്രു ഒരിടത്തും മോശമാക്കിയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വളരെ കുറച്ച് ഡയലോഗുകള്‍ മാത്രമുള്ള കഥാപാത്രം ഒട്ടും വെറുപ്പിച്ചിട്ടില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. കത്ത് വായിക്കുന്ന സീനിലും ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ പാപ്പനുമായുള്ള കൗണ്ടര്‍ ഡയലോഗിലും ഫുക്രു കൈയടി നേടിയിരുന്നു. റിലീസിന് മുമ്പ് നടന്ന അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് ഫുക്രു പറഞ്ഞിരുന്നു.

ആട് 3യില്‍ താനുമുണ്ടെന്ന് അറിയിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ പലരും തനിക്കെതിരെ വലിയ സൈബര്‍ ആക്രമണം നടത്തിയെന്നും കാരണമെന്താണെന്ന് തനിക്ക് അറിയില്ലെന്നുമാണ് കൃഷ്ണ ജീവ് പറഞ്ഞത്. ആദ്യമായാണ് തനിക്ക് ഒരു മുഴുനീള വേഷം ലഭിച്ചതെന്നും തന്നാലാകും വിധം നന്നായി ചെയ്‌തെന്നാണ് വിശ്വാസമെന്നും താരം പറഞ്ഞിരുന്നു.

ടിക്ക് ടോക്ക് റീലുകളിലൂടെ ശ്രദ്ധ നേടിയ ആളായിരുന്നു ഫുക്രു. കൊവിഡിന്റെ സമയത്ത് സൈബര്‍ ലോകത്ത് പല ചര്‍ച്ചകളും ഫുക്രുവിന്റെ പേരില്‍ നടന്നിരുന്നു. ബിഗ് ബോസിലെ പ്രകടനവും ഒരുപാട് ഹേറ്റേഴ്‌സിനെ ഉണ്ടാക്കിയെടുത്തു. എന്നാല്‍ ഇപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നില്‍ ഫുക്രുവും തന്റെ സാന്നിധ്യം കൊണ്ട് കൈയടി നേടുകയാണ്.

Content Highlight: Fukru getting appreciation after the release of Aadu 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ