45 വയസ് വരെ കളിക്കാനാവും, റൊണാള്‍ഡോ 2030 ലോകകപ്പില്‍ ഉണ്ടായിരിക്കണം: മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം
Football
45 വയസ് വരെ കളിക്കാനാവും, റൊണാള്‍ഡോ 2030 ലോകകപ്പില്‍ ഉണ്ടായിരിക്കണം: മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം
സുദേവ് എ
Monday, 10th August 2026, 9:01 am

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാവിയെക്കുറിച്ച് ഒരു വമ്പന്‍ പ്രസ്താവന നടത്തിയിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എറിക് ജെംബ ജെംബ. റൊണാള്‍ഡോക്ക് 44-45 വയസ് വരെ കളിക്കാന്‍ സാധിക്കുമെന്നാണ് മുന്‍ റെഡ് ഡെവിള്‍സ് താരം പറഞ്ഞത്. 2030 വരെ കളിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അടുത്ത ലോകകപ്പിന് റൊണാള്‍ഡോ ഉണ്ടാവണമെന്നും എറിക് പറഞ്ഞു. ബെറ്റ്വിക്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം.

‘ഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 44-45 വയസ് വരെ കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഇപ്പോഴും അദ്ദേഹം മികച്ച പ്രകടനം നടത്തുന്നതില്‍ എനിക്ക് അതിശയമില്ല. കാരണം 17 വയസ് മുതല്‍ ഞാന്‍ അദ്ദേഹത്തെ കാണുന്നതാണ്.

ഞങ്ങള്‍ എല്ലാ ദിവസവും ഒരുമിച്ച് പരിശീലനം നടത്തുമായിരുന്നു. പരിശീലനം കഴിഞ്ഞാലും സ്വയം മെച്ചപ്പെടാനും പരിശീലനം നടത്താനും റൊണാള്‍ഡോ എപ്പോഴും ആഗ്രഹിച്ചിരുന്നു. വിജയിക്കാനും മികച്ചവനാവാനും അദ്ദേഹത്തിന് വലിയ ആഗ്രഹമുണ്ട്. അദ്ദേഹത്തെ പോലെ മികച്ച മാനസികാവസ്ഥയുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. 2030 ലോകകപ്പ് നടക്കുമ്പോഴും റൊണാള്‍ഡോ കളിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും പോര്‍ച്ചുഗല്‍ ടീമില്‍ ഉണ്ടായിരിക്കണം,’ എറിക് ജെംബ ജെംബ പറഞ്ഞു.

2026 ലോകകപ്പ് നേടുകയെന്ന റൊണാള്‍ഡോയുടെ സ്വപ്നം കണ്ണീരില്‍ അവസാനിച്ചിരുന്നു. ലോകകപ്പില്‍ റൊണാള്‍ഡോക്ക് പ്രീ ക്വാര്‍ട്ടര്‍ വരെയാണ് മുന്നേറാന്‍ സാധിച്ചത്.

ചാമ്പ്യന്മാരായ സ്‌പെയ്‌നിനോട് പരാജയപ്പെട്ടായിരുന്നു പോര്‍ച്ചുഗലിന്റെ മടക്കം. 41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ പിന്നീട് ക്രൊയേഷ്യക്കെതിരെയും ലക്ഷ്യം കണ്ടു. ഈ ടൂര്‍ണമെന്റിലും ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി.

അതേസമയം നിലവില്‍ റൊണാള്‍ഡോ അല്‍ നസറിനൊപ്പം പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം പകുതിയോടെ വീണ്ടും ക്ലബ്ബ് ഫുട്ബോള്‍ ആവേശം തിരിച്ചെത്തും. ഓഗസ്റ്റ് 13 മുതലാണ് സൗദി പ്രൊ ലീഗിന് തുടക്കമാവുന്നത്. അല്‍ ഫത്തേഹ് എഫ്.സിക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.

കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ ലീഗ് കിരീടം നിലനിര്‍ത്താനായിരിക്കും അല്‍ നസര്‍ ലക്ഷ്യം വെക്കുക. ഈ സീസണില്‍ റൊണാള്‍ഡോ മിന്നും പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: Former Manchester united player talks about Cristiano Ronaldo future in football

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.