സഞ്ജുവിന് വിലക്കോ?; വ്യക്തമാക്കി മുന്‍ അന്താരാഷ്ട്ര അമ്പയര്‍ അനില്‍ ചൗധരി
Cricket
സഞ്ജുവിന് വിലക്കോ?; വ്യക്തമാക്കി മുന്‍ അന്താരാഷ്ട്ര അമ്പയര്‍ അനില്‍ ചൗധരി
ശ്രീരാഗ് പാറക്കല്‍
Thursday, 5th March 2026, 3:04 pm

2026 ടി-20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും കളത്തിലിറങ്ങാനിരിക്കുകയാണ്. മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചതിന് പുറമെ സഞ്ജു തന്റെ ആഘോഷ പ്രകടനത്തിന്റെ ഭാഗമായി പിച്ചില്‍ മുട്ടുകുത്തിയിരുന്ന ശേഷം ബാറ്റും ഹെല്‍മറ്റും താഴേക്കിട്ടിരുന്നു. ഇതോടെ സഞ്ജു ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാല്‍ സെമി ഫൈനലില്‍ കളിക്കാന്‍ സാധിച്ചേക്കില്ലെന്ന് പല ചര്‍ച്ചകളും നടന്നിരുന്നു.

ഇപ്പോള്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാമ് മുന്‍ ഇന്ത്യന്‍ അന്താരാഷ്ട്ര അമ്പയര്‍ അനില്‍ ചൗധരി. സഞ്ജു ചെയ്തത് സന്തോഷത്തിന്റെ വൈകാരികമായ പ്രകടനമായിരുന്നെന്നും കോപത്തോടെ ക്രിക്കറ്റ് ഉപകരണങ്ങള്‍ വലിച്ചെറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ അഭിപ്രായത്തില്‍ സഞ്ജു ചെയ്തത് സന്തോഷത്തിന്റെ വൈകാരികമായ പ്രകടനമായിരുന്നു. അവിടെ ഉപകരണങ്ങളുടെ ദുരുപയോഗമല്ല. കോപത്തോടെ അദ്ദേഹം അത് എറിഞ്ഞില്ല, അതാണ് കോഡില്‍ പരാമര്‍ശിക്കുന്നത്. പല സന്ദര്‍ഭങ്ങളിലും, കോപം പ്രകടിപ്പിക്കാന്‍ ഉപകരണങ്ങള്‍ മനപൂര്‍വം അടിക്കുകയോ എറിയുകയോ ചെയ്യുന്നത് നമ്മള്‍ കാണുന്നു.

കോപമാണ് അവിടെ പ്രധാന കാര്യം. ഇത് സന്തോഷത്തിന്റെയും വികാരത്തിന്റെയും പ്രകടനമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, മത്സരാനന്തര അഭിമുഖത്തിലും അദ്ദേഹം അത് സമ്മതിച്ചു. സഞ്ജു വളരെ നന്നായി കളിച്ചു. സെമി ഫൈനലില്‍ എത്തിയതിന് ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍,’ അനില്‍ ചൗധരി പറഞ്ഞു.

അതേസമയം ത്രീ ലയണ്‍സിനെതിരായ സെമി ഫൈനലില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ വിശ്വസിക്കുന്നത്. നേരത്തെ ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടി വന്നെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായകമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 50 പന്തില്‍ നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 97* റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 194 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ താണ്ഡവം.

Content Highlight: Former international umpire Anil Chaudhary says Sanju Samson will not be banned in the semi-finals In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ