ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു
Obituary
ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th July 2026, 11:23 am

ദോഹ: ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു. 74 വയസ്സായിരുന്നു. ഖത്തറിലെ അമീരി ദിവാനാണ് മരണ വാര്‍ത്ത അറിയിച്ചത്. പ്രസ്താവനയില്‍ മരണകാരണം വ്യക്തമാക്കിയിട്ടില്ല.

1995 മുതല്‍ 2013 വരെ ഖത്തര്‍ അമീര്‍ ആയിരുന്നു ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി. ഇന്ന് (ജൂണ്‍ 12, ഞായര്‍) രാവിലെയായിരുന്നു മരണം. അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് അമീറി ദിവാന്റെ പ്രസ്താവനയില്‍ പറഞ്ഞു.

View this post on Instagram

A post shared by Doha News (@dohanews)

‘അല്ലാഹു രാഷ്ട്രത്തിന്റെ മഹാനായ നേതാവിനെ അവന്റെ കാരുണ്യത്താലും ദയാവായ്പാലും പൊതിയട്ടെ, പ്രവാചകന്മാര്‍, നീതിമാന്മാര്‍, രക്തസാക്ഷികള്‍, സദ്വൃത്തര്‍ എന്നിവര്‍ക്കൊപ്പം സ്വര്‍ഗത്തില്‍ വിശാലമായ ഒരു സ്ഥാനം അദ്ദേഹത്തിന് ലഭിക്കട്ടെ. തന്റെ രാഷ്ട്രത്തിനും അറബ്, ഇസ്ലാമിക ലോകത്തിനും വേണ്ടി അദ്ദേഹം ചെയ്ത മഹത്തായ പ്രവൃത്തികള്‍ക്ക് ദൈവം മികച്ച പ്രതിഫലം നല്‍കട്ടെ,’ അമീറി ദിവാന്റെ പ്രസ്താവനയില്‍ പറയുന്നു.

അല്‍ഥാനി എന്ന ഖത്തറി രാജകുടൂംബാംഗമാണ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി. അദ്ദേഹത്തെ പിതാവ് അമീര്‍ എന്നാണ് ഖത്തറി സര്‍ക്കാര്‍ ഇപ്പോള്‍ വിശേഷിപ്പിക്കാറ്. നിലവിലെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ പിതാവാണ്. 2013ല്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി നാലാമത്തെ മകനായ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് സ്വമേധയാ അദികാരം കൈമാറി സ്ഥാനമൊഴിയുകയായിരുന്നു.

ആധുനിക ഖത്തറിന്റെ ശില്‍പ്പിയായി ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയെ വിശേഷിപ്പിക്കാറുണ്ട്. വാര്‍ത്താ മാധ്യമമായ അല്‍ ജസീറ ആരംഭിക്കുന്നതില്‍ പങ്ക് വഹിച്ചു. 2022 ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

ഹമദ് ഭരണകാലത്താണ് ഖത്തര്‍ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങളില്‍ വളര്‍ച്ചയിലെത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.

Content Highlight: Former emir of Qatar, Sheikh Hamad bin Khalifa Al Thani, dies at 74