ലയണല്‍ മെസി – ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോട്ട് ഡിബേറ്റില്‍ തെരഞ്ഞെടുപ്പുമായി മുന്‍ ബാഴ്‌സലോണ, യുവന്റസ് താരം മിറാലെം പ്യാനിച്ച്.
രണ്ടുപേരോടുമൊപ്പം ഒരുമിച്ച് കളിക്കാന്‍ സാധിച്ച അപൂര്‍വം താരങ്ങളിലൊരാളായ പ്യാനിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ ലയണല്‍ മെസ്സിയെയാണ് തന്റെ പ്രിയപ്പെട്ട കളിക്കാരനായി തിരഞ്ഞെടുത്തത്.

മിറാലെം പ്യാനിച്ച്.
ഇറ്റലിയില്‍ നടന്ന ‘ട്രെന്റോ സ്‌പോര്‍ട്‌സ് ഫെസ്റ്റിവലില്‍’ സംസാരിക്കവേയാണ് ബോസ്‌നിയന്‍ മുന്‍ താരം പ്യാനിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചത്.
‘എന്റെ കരിയറില്‍ മെസിയും റൊണാള്‍ഡോയും ഉള്‍പ്പെടെ ധാരാളം പ്രതിഭാധനരായ കളിക്കാര്‍ക്കൊപ്പം കളിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. മറ്റേതോ ഗ്രഹത്തില്‍ നിന്നുള്ള ഈ രണ്ട് പേരില്‍ നിന്ന് ഞാന്‍ ആരെ തിരഞ്ഞെടുക്കും എന്ന് ചോദിച്ചാല്‍, ഞാന്‍ ലിയോ മെസിയെ തിരഞ്ഞെടുക്കും. അദ്ദേഹത്തിന്റെ ക്ലാസ് എന്താണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല.

ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ച വ്യക്തിയാണ് അദ്ദേഹം. ഏറ്റവും പ്രയാസകരമായ കാര്യങ്ങളെ പോലും വളരെ എളുപ്പത്തില്‍ ചെയ്യുന്നതുപോലെ തോന്നിപ്പിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു,’ പ്യാനിച്ച് പറഞ്ഞു.
അതേസമയം, ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പ്യാനിച്ച് വാനോളം പുകഴ്ത്തി.
റൊണാള്‍ഡോ ടീമിലുണ്ടെങ്കില്‍ മത്സരം ആരംഭിക്കുമ്പോള്‍ തന്നെ ഒരു ഗോളിന് മുന്നിലാണെന്ന ആത്മവിശ്വാസം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു:
‘ക്രിസ്റ്റ്യാനോയും വളരെ സവിശേഷനായ കളിക്കാരനാണ്. അദ്ദേഹം ടീമിലുണ്ടെങ്കില്‍ നിങ്ങള്‍ എപ്പോഴും 1-0 എന്ന സ്‌കോറിന് മുന്നില്‍ നില്‍ക്കുന്നതുപോലെയാണ് മത്സരം തുടങ്ങുന്നത്. ഗോളുകള്‍ നേടുന്ന കാര്യത്തില്‍ അദ്ദേഹം അത്രയധികം ആസക്തനാണ്.

സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ട തരത്തിലുള്ള കഠിനമായ മാനസിക കരുത്താണ് അദ്ദേഹത്തിന്റേത്. ഒരിക്കലും വിട്ടുകൊടുക്കരുതെന്നും എപ്പോഴും കൂടുതല്‍ നേടണമെന്നുമുള്ള പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് നല്‍കുന്നത്,’ താരം പറഞ്ഞു.
Content Highlight: Former Barcelona and Juventus player Miralem Pjanić makes his pick in the Lionel Messi vs. Cristiano Ronaldo GOAT debate.
