Cricket
ഇവന്‍ ഇനി പോര്‍ച്ചുഗലിന്റെ ക്യാപ്റ്റന്‍; കൂടുമാറ്റവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മൊയ്‌സസ് ഹെന്റികസ്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജന്മനാടായ മദെയ്‌റയില്‍ ജനിച്ച മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മൊയ്‌സസ് ഹെന്റികസ് ഇനി പോര്‍ച്ചുഗല്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍. ആദ്യമായി ടി-20 ലോകകപ്പിന് യോഗ്യത നേടുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന പോര്‍ച്ചുഗലിന്റെ 14 അംഗ ടീമിനെയാണ് ഹെന്റിക്‌സ് നയിക്കുക.
ഓസ്‌ട്രേലിയക്കായി നാല് ടെസ്റ്റുകളും 16 ഏകദിനങ്ങളും 24 ടി-20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഹെന്റിക്‌സ്. 2021 ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം. ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ വിദേശ ടി-20 ലീഗുകളില്‍ ഹെന്റിക്‌സ് കളിച്ചിരുന്നു.
കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയ ഹെന്റിക്‌സിന് ഈ വര്‍ഷം ജൂണിലാണ് പോര്‍ച്ചുഗലിനായി കളിക്കാന്‍ അര്‍ഹത ലഭിച്ചത്. ഐ.സി.സി ഫുള്‍ മെമ്പര്‍ രാജ്യമായ ഓസ്‌ട്രേലിയയില്‍ നിന്ന് അസോസിയേറ്റ് രാജ്യമായ പോര്‍ച്ചുഗലിലേക്ക് മാറുന്നതിനുള്ള നിര്‍ബന്ധിത മൂന്ന് വര്‍ഷത്തെ കൂളിങ് ഓഫ് കാലയളവ് പൂര്‍ത്തിയാക്കിയതോടെയാണ് പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചത്.
ഫിന്‍ലാന്‍ഡില്‍ നടക്കുന്ന യൂറോപ് സബ് റീജിയണല്‍ ക്വാളിഫയര്‍ സീയിലൂടെയാണ് പോര്‍ച്ചുഗല്‍ ടി-20 ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന് തുടക്കമിടുന്നത്. ഓഗസ്റ്റ് 14 മുതല്‍ 20 വരെ നടക്കുന്ന ഗ്രൂപ്പ് ബി മത്സരങ്ങളില്‍ ഇസ്രഈല്‍, ജര്‍മനി, ഗ്രീസ്, ചെക്കിയ എന്നീ ടീമുകളെയാണ് പോര്‍ച്ചുഗല്‍ നേരിടുക. ഗ്രൂപ്പ് ജേതാക്കള്‍ ഓഗസ്റ്റ് 21ന് ഗ്രൂപ്പ് എ ജേതാക്കളുമായി ഫൈനലില്‍ ഏറ്റുമുട്ടും.
നിലവില്‍ ഐ.സി.സി പുരുഷ ടി-20 റാങ്കിങ്ങില്‍ 37ാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. സബ് റീജിയണല്‍ ക്വാളിഫയറില്‍ മികച്ച പ്രകടനം നടത്തി യൂറോപ്യന്‍ റീജിയണല്‍ ഫൈനലിലേക്ക് മുന്നേറുകയാണ് ടീമിന്റെ ആദ്യ ലക്ഷ്യം.
സ്‌കോട്‌ലന്‍ഡ്, ജേഴ്‌സി, ഡെന്‍മാര്‍ക്ക് എന്നീ ടീമുകളും റീജിയണല്‍ ഫൈനല്‍ പോരാട്ടത്തിലുണ്ടാകും. അവിടെ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ ഗ്ലോബല്‍ ക്വാളിഫയറിലേക്ക് യോഗ്യത നേടും.
2028ലെ ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടാനുള്ള പോര്‍ച്ചുഗലിന്റെ ശ്രമങ്ങളില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയസമ്പത്തുള്ള ഹെന്റിക്‌സിന്റെ സാന്നിധ്യം ടീമിന് വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ.
Content Highlight: Former Australian all-rounder Moises Henriques is now the captain of the Portugal cricket team
ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍
കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ