യുവേഫ നേഷന്‍സ് ലീഗില്‍ നോര്‍വേയെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കിയിരിക്കുകയാണ്. നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്‌ലോയിലെ യുല്ലേവാല്‍ സ്‌റ്റേഡിയനില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ ജയിച്ചുകയറിയത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് ടീമിനെ കളത്തിലിറക്കിയത്. 4-2-3-1 എന്ന ഫോര്‍മേഷനില്‍ ഗോണ്‍സാലോ റാമോസിനെ ആക്രമണത്തിന്റെ കുന്തമുനയാക്കിയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്.
ബെഞ്ചില്‍ തുടങ്ങിയ താരത്തിന് മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങും വരെ ബെഞ്ചില്‍ തന്നെ തുടരേണ്ടി വന്നു. താരത്തിന് കളത്തിലിറങ്ങാന്‍ സാധിക്കാതെ പോയത് ആരാധകര്‍ക്ക് വലിയ നിരാശയും സമ്മാനിച്ചു.
18 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് റൊണാള്‍ഡോ അണ്‍ യൂസ്ഡ് സബ്ബായി ബെഞ്ചില്‍ തുടരുന്നത്. 2008ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തിലാണ് റൊണാള്‍ഡോ ഇതിന് മുമ്പ് ഇത്തരത്തില്‍ പൂര്‍ണമായും ബെഞ്ചില്‍ തുടര്‍ന്നത്. (സൗഹൃദമത്സരങ്ങള്‍ പരിഗണിക്കാതെ).

41കാരനായ റൊണാള്‍ഡോയുടെ കരിയര്‍ അവസാനത്തിലേക്ക് അടുക്കുമ്പോഴാണ് ഇത്തരത്തില്‍ താരം ബെഞ്ചില്‍ തുടരേണ്ടി വന്നത് എന്നതും ശ്രദ്ധേയമാണ്. ഫുട്‌ബോളില്‍ റൊണാള്‍ഡോ യുഗം അവസാനിക്കുന്നതിന്റെ സൂചനയാണോ ഇതെന്ന ആശങ്കയാണ് ആരാധകര്‍ ഉന്നയിക്കുന്നത്.
അതേസമയം, നോര്‍വേയ്‌ക്കെതിരായ മത്സരത്തില്‍ ജാവോ ഫെലിക്‌സിന്റെയും ഗോണ്‍സാലോ റാമോസിന്റെയും ഗോളിലാണ് പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്. എര്‍ലിങ് ഹാലണ്ടാണ് നോര്‍വേയുടെ ആശ്വാസ ഗോള്‍ നേടിയത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ചതോടെ ആറ് പോയിന്റുമായി ഗ്രൂപ്പ് ഡി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് പോര്‍ച്ചുഗല്‍. ഓരോന്ന് വീതം ജയവും തോല്‍വിയുമായി നോര്‍വേ രണ്ടാമതാണ്.
ഒക്ടോബര്‍ രണ്ടിനാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. ഡെന്‍മാര്‍ക്കാണ് എതിരാളികള്‍.
Content Highlight: For the first since 2008 Cristiano Ronaldo was an unused sub in a competitive game for Portugal
