എറണാകുളം: ജില്ലയില്‍ പലഭാഗങ്ങളിലും പ്രളയ ദുരിതാശ്വാസ തുക ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതില്‍ ക്രമക്കേടെന്ന് ആരോപണം. ആര്‍ഹരായവരില്‍ പലര്‍ക്കും തുക ലഭിച്ചില്ലെന്നും ചിലര്‍ക്ക് പതിനായിരം രൂപ മാത്രമാണ് ലഭിച്ചതെന്നുമാണ് ആരോപണം.

വടക്കേക്കര ,ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകളിലെ പ്രളയ ദുരിതബാധിതരാണ് ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് കേരളം മുഴുവന്‍ മഹാപ്രളയത്തിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചത്. കോടികണക്കിന് രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനമൊട്ടാകെയുണ്ടായത്. പ്രളയത്തില്‍ മുങ്ങിയ കേരളത്തിനെ പുനര്‍നിര്‍മ്മിച്ച് നവകേരളം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ആദ്യ സഹായം എന്ന നിലയ്ക്ക് പതിനായിരം രൂപ ദുരിത ബാധിതര്‍ക്ക് നല്‍കിയിരുന്നു. പ്രളയ ബാധിതരായ മുഴുവന്‍ പേര്‍ക്കും നാശനഷ്ടത്തിന് അനുസരിച്ച് സഹായങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രളയത്തില്‍ നാശമായ ധന്യയുടെ വീട്ടുപകരണങ്ങള്‍

എന്നാല്‍ തങ്ങളില്‍ പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും ചിലര്‍ക്ക് അനര്‍ഹമായി നഷ്ടപരിഹാരം ലഭിച്ചെന്നുമാണ് ചിറ്റാറ്റുകര പഞ്ചായത്തിലെ ചെറിയ പനതുരുത്ത് സ്വദേശിനിയായ ധന്യ ദിലീപ് പറയുന്നത്. വീടിനും വീട്ടുസാധനങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായെന്നും എന്നാല്‍ തങ്ങള്‍ക്ക് ആദ്യ ഘട്ടത്തിലെ പതിനായിരം രൂപ മാത്രമാണ് ലഭിച്ചതെന്നും ധന്യ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

വീടുകള്‍ക്ക് നാശ നഷ്ടമുണ്ടായോ എന്ന് പരിശോധിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. വീടുകളുടെ ഭിത്തിയില്‍ വിള്ളല്‍ വീണിരിക്കുകയാണ്. കട്ടില്‍ അടക്കമുള്ള സാധനങ്ങള്‍ ഇപ്പോഴും പുറത്ത് ഇരിക്കുകയാണ്. വീട് പണിയാന്‍ തറ കെട്ടിയിരുന്നു അത് തകര്‍ന്നു, ധന്യ പറയുന്നു.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി

താന്‍ പഞ്ചായത്തില്‍ പോയി പരാതി പറഞ്ഞെങ്കിലും മുഖ്യമന്ത്രിയെ പോയി കാണാനോ അല്ലെങ്കില്‍ കളക്‌ട്രേറ്റില്‍ പോയി പരാതി പറയാനോ ആണ് പറഞ്ഞതെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് പറയുന്നതെന്നും ധന്യ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും പരാതി സ്വീകരിച്ച കാര്‍ഡ് തിരികെ ലഭിച്ചതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായില്ലെന്നും ധന്യ പറഞ്ഞു.

സന്നദ്ധ സംഘടന നിര്‍മ്മിച്ച് നല്‍കിയ വീടിന് മുന്നില്‍ ശാലവിന്‍റെ കുടുംബം

ചിറ്റാറ്റുകര പഞ്ചായത്തിലെ തന്നെ കളത്തിപറമ്പില്‍ ശാലുവും കുടുംബത്തിന്റെയും വീട് പ്രളയത്തില്‍ തകര്‍ന്നെങ്കിലും ധനസഹായത്തിനുള്ള പട്ടികയില്‍ ഇടം പിടിച്ചില്ലെന്നും ആരോപണമുണ്ട്. നിലവില്‍ ഒരു സന്നദ്ധ സംഘടന നിര്‍മ്മിച്ചു നല്‍കിയ ഒരു താല്‍ക്കാലിക ഒറ്റമുറി വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

അതേസമയം പ്രളയത്തില്‍ വിടിന് പോറല്‍ പോലും സംഭവിക്കാത്തവര്‍ക്കും പ്രളയത്തിന് മുമ്പ് വീട് നിര്‍മ്മിക്കുന്നതിന് തറയുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചവര്‍ക്കും അനര്‍ഹമായി പ്രളയ സഹായം ലഭിച്ചിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകനായ കെ സോമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രളയത്തില്‍തകര്‍ന്ന് വീടുകളിലൊന്ന്

സംഭവത്തെക്കുറിച്ച് സോമന്‍ പറയുന്നത് ഇങ്ങനെയാണ് നിരവധി ആളുകള്‍ക്ക് വീട് നഷ്ടപെട്ടവര്‍ക്ക് കൊടുക്കും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പലര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഈ 15ാം തിയ്യതിക്കകം കൊടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അത് ലഭിച്ചിട്ടില്ല. അനര്‍ഹരായ കുറച്ച് ആധികം ആളുകള്‍ക്ക് കൂടുതല്‍ കാശ് കൊടുത്തിട്ടുണ്ട്. ആദ്യം പതിനായിരം രൂപ മാത്രം ലഭിച്ച പലര്‍ക്കും രണ്ടാമത്തെ ലിസ്റ്റ് വന്നപ്പോള്‍ അവരുടെ പേര് പോലും ഇല്ലായിരുന്നു സോമന്‍ പറഞ്ഞു.

എന്നാല്‍ ആദ്യഘട്ടത്തില്‍ സര്‍വ്വേ നടത്തിയിരുന്നെന്നും ഇതില്‍ പരാതിയുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കിയിരുന്നെന്നുമാണ് ചിറ്റാറ്റുകര പഞ്ചായത്ത് സെക്രട്ടറി പി.വി സീന ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ഈക്കാര്യത്തില്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നെന്നും സീന പറഞ്ഞു. ഇത്തരത്തില്‍ പരാതി പറഞ്ഞ ചിലര്‍ അപ്പീല്‍ ആനുകൂല്യം ഉപയോഗിച്ചിരുന്നെന്നും സീന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം അപ്പീല്‍ കൊടുക്കുന്നതിനെ കുറിച്ച് പലര്‍ക്കും അറിയില്ലായിരുന്നെന്ന് സോമന്‍ പറഞ്ഞു. താമസ യോഗ്യമല്ലാത്ത വീടുകളില്‍ ആണ് പലരും ജീവിക്കുന്നത്. നിലവില്‍ 2 ലക്ഷമോ 2.5 ലക്ഷമോ ലഭിച്ചവര്‍ക്ക് പോലും വീട് പുതിയതായി ഉണ്ടാക്കാന്‍ കഴിയില്ലെന്നും അതേസമയം ചിലര്‍ക്ക് വീടുകള്‍ താമസ യോഗ്യമായിരുന്നിട്ട് കൂടിയും പൊളിച്ച് പണിയാന്‍ കാശ് കൊടുത്തിട്ടുണ്ടെന്നും സോമന്‍ ആരോപിച്ചു.

സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ ഇടപ്പെട്ടില്ലെങ്കില്‍ മെയ് 2ാം തിയ്യതി മുതല്‍ വില്ലേജ് ഓഫീസില്‍ സമരം തുടങ്ങുമെന്നും സോമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.