കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ആധുനിക സംവിധാനങ്ങള്‍. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്താന്‍ ആധുനിക രീതിയിലുള്ള ചോദ്യം ചെയ്യല്‍ മുറിയാണ് തയ്യാറാക്കിയിട്ടുള്ളത്.

ചോദ്യം ചെയ്യാനായി അഞ്ച് ക്യാമറകള്‍ മുറിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴിയോടൊപ്പം മുഖഭാവങ്ങളും ചിത്രീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബ്ബില്‍ പ്രത്യേകമായി സജ്ജീകരിച്ച മുറിയിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി രണ്ട് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആദ്യത്തെ മുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖാമുഖമിരുന്ന് ബിഷപ്പിന്റെ മൊഴിയെടുക്കും രണ്ടാമത്തെ മുറിയിലിരിക്കുന്ന സംഘം ബിഷപ്പിന്റെ മുഖഭാവങ്ങള്‍ പരിശോധിക്കും.

മുമ്പ് നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതും ഇതേ സ്ഥലത്തുവെച്ചാണ്.

അതേസമയം ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ രാവിലെ 10മണിയോടെ ഹാജരാകാനാണു ബിഷപ്പിനു ലഭിച്ച നിര്‍ദേശം.


ALSO READ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും; ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയില്‍വെച്ച്


ഇവിടെവെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയാണ് ചോദ്യംചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കാന്‍ തീരുമാനിച്ചത്.

അതേസമയം തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി എന്നാണു ചില റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഉച്ചയോടെ ബിഷപ് തൃശൂരിലെ ബന്ധുവീട്ടിലെത്തിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

തൃപ്പൂണിത്തുറയ്ക്കു പുറമെ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലും ചോദ്യംചെയ്യലിനു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ എന്തെങ്കിലും അസൗകര്യം നേരിട്ടാല്‍ ഈ സ്ഥലങ്ങളിലേക്കു മാറ്റി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.

കുടാതെ ബിഷപ്പിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സൗകര്യം കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുള്ളതായാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.