ചരിത്രം റോണോയുടെ ഒരു ഗോൾ അകലെ; ഐതിഹാസിക നേട്ടത്തിനരികെ ഇതിഹാസം
FIFA World Cup 2026
ചരിത്രം റോണോയുടെ ഒരു ഗോൾ അകലെ; ഐതിഹാസിക നേട്ടത്തിനരികെ ഇതിഹാസം
ഫസീഹ പി.സി.
Saturday, 20th June 2026, 10:03 pm

2026 ഫിഫ ലോകകപ്പിൽ തീർത്തും നിരാശാജനകമായ തുടക്കമാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ചിരിക്കുന്നത്. തന്റെ ആറാം ലോകകപ്പിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നെന്നത് മാത്രമല്ല, മത്സരത്തിൽ ഗോൾ അടിക്കാനും പിച്ചിൽ വലിയ പ്രകടനങ്ങൾ നടത്താനും താരത്തിന് സാധിച്ചിരുന്നില്ല.

അതിനാൽ തന്നെ രണ്ടാം മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവായിരിക്കും റോണോ ലക്ഷ്യമിടുക. ജൂൺ 23നാണ് റോണോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. ഉസ്‌ബെകിസ്താനാണ് എതിരാളികൾ.

മത്സരത്തിൽ ശ്രദ്ധാകേന്ദ്രം പോർച്ചുഗൽ നായകൻ തന്നെയായിരിക്കും. റോണോയുടെ ബൂട്ടുകളിൽ നിന്ന് വിസ്‍മയിപ്പിക്കുന്ന പ്രകടനങ്ങൾ ഉണ്ടാവുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഈ മത്സരത്തിൽ ഗോളടിക്കാൻ സാധിച്ചാൽ റോണോയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ആറ് ലോകകപ്പുകളില്‍ ഗോള്‍ അടിക്കുന്ന ആദ്യ താരമെന്ന പട്ടമാണ് താരത്തിനെ കാത്തിരിക്കുന്നത്. 2006ല്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ഇതിഹാസം താന്‍ കളിച്ച അഞ്ച് എഡിഷനിലും ഗോള്‍ അടിച്ചിട്ടുണ്ട്.

അതിനാല്‍ തന്നെ അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ആദ്യ താരമെന്ന നേട്ടവും റോണോ കൈപിടിയിലൊതുക്കിയിരുന്നു. ഈ ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിൽ ഹാട്രിക്ക് അടിച്ച് മിന്നിത്തിളങ്ങിയ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി രണ്ടാമനായി ഈ നേട്ടത്തിൽ പേര് ചേർത്തിട്ടുണ്ട്.

ഇപ്പോൾ മെസിയെ പിന്തള്ളി ഏറ്റവും ലോകകപ്പുകളിൽ ഗോളടിച്ച താരമെന്ന നേട്ടം സ്വന്തമാക്കാനാണ് റോണോയ്ക്ക് സുവർണാവസരമുള്ളത്. ലോകകപ്പില്‍ റൊണാള്‍ഡോ എട്ട് ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്. തന്റെ അരങ്ങേറ്റ ലോകകപ്പായ 2006ൽ ഒരു ഗോള്‍ അടിച്ചാണ് താരം അക്കൗണ്ട് തുറന്നത്.

പിന്നീട് കളിച്ച 2010, 2014 ലോകകപ്പുകളിലും റോണോ ഓരോ ഗോളുകള്‍ വീതം എതിരാളികളുടെ വലയിലെത്തിച്ചു. 2018ല്‍ നാല് തവണയും താരം വല കുലുക്കിയത്. 2022ൽ നടന്ന കഴിഞ്ഞ ലോകകപ്പിലും പോർച്ചുഗൽ നായകൻ ഒരു ഗോളടിച്ചു. ഇതോടെയാണ് അഞ്ച് ലോകകപ്പില്‍ ഗോള്‍ നേടിയ താരമെന്ന നേട്ടം ഇതിഹാസം തന്റെ പേരിൽ ചേർത്തത്.

ഇപ്പോൾ ഗോളടിച്ച എഡിഷനുകളുടെ എണ്ണം ആറായി ഉയർത്താൻ ക്രിസ്റ്റ്യാനോ അവസരം ലഭിച്ചിരിക്കുകയാണ്. താരം ഈ നേട്ടത്തിലെത്തുമോ എന്ന് കാത്തിരുന്ന് കണ്ടേണ്ടി വരും.

Content Highlight: FIFA World Cup 2026: Cristiano Ronaldo needs one goal to become the first player to score in six World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.