ബെയ്‌റൂട്ട്: ഇസ്രഈല്‍-ഹിസ്ബുല്ല വെടിനിര്‍ത്തല്‍ നിലവിലിരിക്കെ തെക്കന്‍ ലെബനനില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പടിഞ്ഞാറന്‍ പട്ടണമായ മന്‍സൂരിയിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരുമാസത്തിന് മുന്നേ ഇസ്രഈല്‍ സൈന്യം ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥലമായിരുന്നു ഇത്.
ജൂണ്‍ 19 ലെ വെടിനിര്‍ത്തലിന് ശേഷം ഏകദേശം 120 കുടുംബങ്ങള്‍ മന്‍സൂരിയിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇസ്രഈല്‍ ആക്രമണം ശക്തമായതോടെ സമീപ ദിവസങ്ങളിലായി 40 മുതല്‍ 50 വരെ കുടുംബങ്ങള്‍ മാത്രമേ നിലവില്‍ പട്ടണത്തിലുണ്ടായിരുന്നുള്ളൂവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ജൂണിലെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നശേഷം നടന്ന ഏറ്റവും ഗുരുതരമായ ആക്രമണങ്ങളിലൊന്നാണ് ഇതെന്ന് തെക്കന്‍ ലെബനനിലെ ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
ടെബ്‌നീന്‍ പട്ടണത്തിലെ ശ്മശാന പ്രദേശവും അല്‍-മന്‍സൂരി ഉള്‍പ്പെടെയുള്ള മേഖലകളും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് മുമ്പ് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രഈല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നാണ് ഇസ്രഈല്‍ സൈന്യത്തിന്റെ വിശദീകരണം.
അതേസമയം, തെക്കന്‍ ലെബനനിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ഇസ്രഈല്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണത്തെ തുടര്‍ന്ന് റോമില്‍ പുരോഗമിച്ചുകൊണ്ടിരുന്ന ഇസ്രായേല്‍-ലെബനന്‍ സമാധാന ചര്‍ച്ചകള്‍ക്കും തിരിച്ചടിയേറ്റു. ഇസ്രായേല്‍ സൈന്യത്തിന്റെ പിന്മാറ്റവും ഹിസ്ബുല്ലയുടെ നിരായുധീകരണവും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പുതിയ ആക്രമണം മേഖലയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാക്കിയത്.
Contet Higlights: Fear of war returns to Lebanon; Israel launches airstrikes, violating the ceasefire
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.