ചെന്നൈ: തമിഴ്‌നാട്ടില്‍ പൊലീസ് കസറ്റഡിയില്‍ ഇരിക്കെ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഇരുവരും ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.
തൂത്തുക്കുടിയില്‍ മൊബൈല്‍ കട നടത്തുന്ന ജയരാജ് എന്നയാളും മകന്‍ ജെ. ബെനിക്‌സുമാണ് കൊല്ലപ്പെട്ടത്. ക്രൂരമായ മര്‍ദ്ദനമാണ് ഇവര്‍ക്ക് ഏറ്റതെന്നും സ്വകാര്യഭാഗങ്ങളിലടക്കം കമ്പി കയറ്റിയും മറ്റും വലിയ രീതിയില്‍ ഇവരെ പൊലീസ് ആക്രമിച്ചെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ശേഷവും ഇവര്‍ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി പിതാവും ചൊവ്വാഴ്ച രാവിലെയോടെ മകനും ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് കട നടത്തുന്ന ജയരാജനെ ലോക്ഡൗണ്‍ ലംഘിച്ച് കടതുറന്നെന്ന് ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അച്ഛനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് ബെനിക്‌സ് വിവരം അന്വേഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് ഇരുവരേയും പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഇരുവരേയും സ്‌റ്റേഷനില്‍ പൂട്ടിയിട്ടെന്നും പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
അവരെ ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും പക്ഷേ അവര്‍ കേട്ടില്ലെന്നും 200 ഓളം വലിയ ദണ്ഡുകളാണ് അവിടെയുണ്ടായിരുന്നതെന്നും ഇയാള്‍ പറഞ്ഞു.
ആശുപത്രിയിലെത്തിച്ച ബെന്നിക്‌സിന്റെ ലുങ്കി ചോരയില്‍ മുങ്ങിയിരുന്നു. നിരവധി തവണയാണ് വസ്ത്രം മാറ്റേണ്ടി വന്നത്. വലിയ രക്തസ്രാവമാണ് ഉണ്ടായത് എന്ന് അഭിഭാഷകനായ രവിചന്ദ്രന്‍ പറഞ്ഞു.
ഇവര്‍ക്കെതിരെ സെക്ഷന്‍ 188, 383 , 503 എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്. ശനിയാഴ്ചയാണ് ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പിന്നീട് പത്ത് മണിക്കൂറിന്റെ വ്യത്യാസത്തിലാണ് ഇരുവരും മരണപ്പെടുന്നത്. ആന്തരിക രക്തസ്രാവമാണ് ബെനിക്‌സിന്റെ മരണകാരണമെന്ന് പൊലീസ് പറഞ്ഞു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ജയരാജ് മരണപ്പെടുന്നത്.
ഇരുവരുടേയും മരണത്തിന് പിന്നാലെ വലിയ പ്രതിഷേധവമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് ക്രൂരതയാണ് മരണത്തിന് കാരണമെന്നും അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
