അലിഗഡ്: അലഞ്ഞു നടക്കുന്ന പശുക്കളെ ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൂട്ടിയിട്ടു. പശുക്കള്‍ കൃഷി നശിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് കര്‍ഷകര്‍ അവയെ സര്‍ക്കാര്‍ സ്ഥാപനങ്ങില്‍ പൂട്ടിയിട്ടത്.
അലിഗഡിലെ വിവിധ ഗ്രാമങ്ങളില്‍ കൃഷി നശിപ്പിച്ച പശുക്കളെ സര്‍ക്കാര്‍ സ്‌കൂളുകളിലും ഹെല്‍ത്ത് സെന്ററുകളിലുമാണ് കര്‍ഷകര്‍ പൂട്ടിയിട്ടിരിക്കുന്നത്. പശുക്കള്‍ തിങ്ങിനിറഞ്ഞതുമൂലം സ്‌കൂളുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു.
അലിഗഡിലെ ദമോത്തിയ ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളില്‍ മാത്രം 500 പശുക്കളാണുള്ളത്. സ്‌കൂളിന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നതോടെ സ്‌കൂള്‍ രണ്ടു ദിവസത്തേക്ക് അടച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ലക്നൗവില്‍ നടന്ന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ പശുക്കളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്തിച്ചു തുടങ്ങിയത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കള്‍ക്കായി സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രം തുടങ്ങണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പശുക്കള്‍ പുല്ല് മേയുന്ന സ്ഥലങ്ങളിലെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും യോഗി നിര്‍ദേശിച്ചിരുന്നു. തെരുവ് പശു സംരക്ഷണത്തിനായി നിര്‍ദേശങ്ങളവതരിപ്പിക്കാന്‍ പുതിയ സമിതി രൂപീകരിക്കാനും ഒരാഴ്ചയ്ക്കകം നിര്‍ദേശങ്ങള്‍ കൈമാറാനും ചീഫ് സെക്രട്ടറി അനൂപ് ചന്ദ പാണ്ഡെയ്ക്ക് യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ പരിഷദ് തലങ്ങളില്‍ 750 ഗോശാലകള്‍ നിര്‍മ്മിക്കണമെന്നും ഇവയ്ക്ക് കൃത്യമായ സൗകര്യമൊരുക്കണമെന്നും യോഗി നിര്‍ദേശിച്ചിട്ടുണ്ട്. 16 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഓരോന്നിനും തെരുവ് പശു സംരക്ഷണത്തിനായി 10 കോടി അനുവദിച്ചിട്ടുണ്ടെന്നും ജില്ലകള്‍ക്കായി പുതിയ ഗോശാലകള്‍ നിര്‍മ്മിക്കുന്നതിനായി 1.2 കോടി വീതം നല്‍കിയിട്ടുണ്ടെന്നും യോഗി പറഞ്ഞിരുന്നു.
തെരുവ് പശുക്കള്‍ വിളകള്‍ നശിപ്പിക്കുന്നുവെന്നും റോഡപകടങ്ങള്‍ക്ക് കാരണമാവുന്നുവെന്നും ചില ബി.ജെ.പി എം.എല്‍.എമാര്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗിയുടെ ഉത്തരവ്. കഴിഞ്ഞമാസം പശുക്കള്‍ 80 ഏക്കറോളം വരുന്ന ഗോതമ്പ് പാടം നശിപ്പിച്ചതായി സായ്പുരിലെ കര്‍ഷകര്‍ ആരോപിച്ചിരുന്നു.
