ന്യൂദല്‍ഹി: പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എ.ഐ.യു.ഡി.എഫ് തലവന്‍ എം.പി മൗലാന ബദ്റുദ്ദീന്‍ അജ്മല്‍ മാപ്പ് ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.യു.ഡി.എഫ് ആര്‍ക്ക് പിന്തുണ നല്‍കുമെന്ന ചോദ്യത്തിനായിരുന്നു ഇദ്ദേഹം മാധ്യമപ്രവര്‍ത്തകന് നേരെ പൊട്ടിത്തെറിച്ചത്. നിന്റെ തല ഞാന്‍ അടിച്ചു പൊട്ടിക്കുമെന്നും പത്രസമ്മേളനം നടത്തുന്ന ഹാളില്‍ നിന്നും ഇറങ്ങിപ്പോകുന്നതാണ് നല്ലതെന്നുമായിരുന്നു എം.പി പറഞ്ഞത്.
“ഞാന്‍ 13 വര്‍ഷമായി രാഷ്ട്രീയത്തിലുള്ള ആളാണ്. ഇങ്ങനെ ഇതു വരെ സംഭവിച്ചില്ല. അത് തെറ്റായിരുന്നു, എനിക്ക് മാപ്പ് തരണം. ഞാനങ്ങനെ ചെയ്യരുതായിരുന്നെന്ന് അംഗീകരിക്കുന്നു”- അദ്ദേഹം എ.എന്‍.ഐയോടു പറഞ്ഞു. ആസ്സാമിലെ ദുബ്രി ലോക്സഭാ മണ്ഡലത്തിലെ എം.പിയാണ് ബദറുദ്ദീന്‍.
സൗത്ത് സാല്‍മര ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയികളെ ആദരിക്കാനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിനിടെയായിരുന്നു വിവാദത്തിനാസ്പദമായ സംഭവം. ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ വിജിയിക്കുന്ന പാര്‍ട്ടി ഏതാണോ അവരുമായിട്ടാണോ താങ്കള്‍ സഹകരിക്കാന്‍ പോകുന്നത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്.
ബദ്‌റുദ്ദീന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി രാ്ഷ്ട്രീയ നേതാക്കളും മാധ്യപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ആസാമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള എ.ഐ.യു.ഡി.എഫ് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുമെന്നാണ് സൂചന.
ദല്‍ഹിയില്‍ നടക്കുന്ന മഹാഗദ്ബന്ധനെ പാര്‍ട്ടി നിരീക്ഷിക്കുകയാണെന്നും അതിന്റെ ഫോര്‍മുല എങ്ങനെ വരുമെന്ന് അറിയാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും എം.പി പറഞ്ഞിരുന്നു.
