സമ്മര്‍ സീസണില്‍ ബോക്‌സ് ഓഫീസിനെ അടിച്ച് തൂഫാനാക്കാനുള്ള മരുന്നുകള്‍ ഒരുക്കുകയാണ് ഹോളിവുഡ്. സിനിമാപ്രേമികളെ അത്ഭുതപ്പെടുത്താനുള്ള പ്രൊജക്ടുകളെല്ലാം റിലീസിന് തയാറെടുക്കുകയാണ്. മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയും ക്രിസ്റ്റഫര്‍ നോളന്റെ ഒഡീസിയുമാണ് സമ്മര്‍ റിലീസിലെ കൊമ്പന്മാര്‍.

ക്ലാസ് സിനിമയായി ഒഡീസി എത്തുമ്പോള്‍ മാര്‍വല്‍ ആരാധകരെ ആവേശത്തിലാക്കാന്‍ സ്‌പൈഡര്‍മാനുമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. മള്‍ട്ടിവേഴ്‌സ് പോര്‍ട്ടല്‍ അടച്ച ശേഷം എല്ലാവരും മറന്നുപോയ പീറ്റര്‍ പാര്‍ക്കര്‍ നേരിടുന്ന വെല്ലുവിളികളാണ് ചിത്രം പറഞ്ഞുവെക്കുന്നത്.

സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ Photo: Screen grab/ Marvel Entertainment

 

ഡി.എന്‍.എ മ്യൂട്ടേഷന്‍ സംഭവിക്കുന്ന പീറ്റര്‍ അവന്റെ ഉള്ളിലെ തിന്മയെ അടക്കിവെക്കാന്‍ പാടുപെടുന്നതെല്ലാം ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. പീറ്റര്‍ പാര്‍ക്കറിനൊപ്പം ബ്രൂസ് ബാനര്‍/ ഹള്‍ക്കും ബ്രാന്‍ഡ് ന്യൂ ഡേയുടെ ഭാഗമാണ്. എന്‍ഡ് ഗെയിമിന് ശേഷം ബ്രൂസ് ബാനര്‍ ഭാഗമാകുന്ന മൂന്നാമത്തെ മാര്‍വല്‍ പ്രൊജക്ടാണിത്.

അവഞ്ചേഴ്‌സിലെ ഏറ്റവും ശക്തനായ സൂപ്പര്‍ഹീറോകളിലൊരാളാണ് ഹള്‍ക്ക്. എന്നാല്‍ ഇന്‍ഫിനിറ്റി വാര്‍ മുതല്‍ ഹള്‍ക്കിനെ വേണ്ടരീതിയില്‍ മാര്‍വല്‍ ഉപയോഗിച്ചിട്ടില്ല. ഡോക്ടര്‍ ഹള്‍ക്കായി മാറിയതും ഇന്‍ഫിനിറ്റി സ്റ്റോണുകളുടെ റേഡിയേഷന്‍ കാരണം പരിക്ക് പറ്റിയതുമെല്ലാം ഹള്‍ക്ക് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ പഴയ ഹള്‍ക്കിന്റെ തിരിച്ചുവരവ് കാണാനാകുമെന്നാണ് ട്രെയ്‌ലറില്‍ സൂചന നല്‍കുന്നുണ്ട്.

സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ Photo: Screen grab/ Marvel Entertainment

ഒ.ജി ഹള്‍ക്ക് സ്മാഷാണ് ട്രെയ്‌ലറിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഹള്‍ക്കും പീറ്റര്‍ പാര്‍ക്കറും തമ്മിലുള്ള ഫൈറ്റ് സീന്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഷീ ഹള്‍ക്ക് സീരീസില്‍ വോക്കിന്റെ പേര് പറഞ്ഞ് ഹള്‍ക്കിനെ കോമാളിയാക്കിയതില്‍ വലിയ പ്രതിഷേധം മാര്‍വലിനെതിരെ ഉയര്‍ന്നിരുന്നു.

വോക്ക് ട്രെന്‍ഡിനെ ഒഴിവാക്കിയാണ് മാര്‍വല്‍ മുന്നോട്ട് പോകുന്നതെന്ന് ഓരോ പ്രൊജക്ടുകളുടെ അനൗണ്‍സ്‌മെന്റും സൂചന നല്‍കുന്നുണ്ട്. പീറ്റര്‍ പാര്‍ക്കറിനും ഹള്‍ക്കിനും പുറമെ പണിഷര്‍, സ്‌കോര്‍പ്പിയോണ്‍ തുടങ്ങി മാര്‍വല്‍ കോമിക്‌സിലെ പല വമ്പന്‍ കഥാപാത്രങ്ങളും ബ്രാന്‍ഡ് ന്യൂ ഡേയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ജൂലൈ 30ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Fans hyping Hulk in Spiderman Brand new Day trailer

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ