വാഴയിലും വാഴ 2 വിലും മോഹൻലാൽ റഫറൻസുകൾ; മോഹൻലാൽ ഇല്ലാതെ മലയാളികൾക്ക് എന്ത് ആഘോഷമെന്ന് ആരാധകർ
Malayalam Cinema
വാഴയിലും വാഴ 2 വിലും മോഹൻലാൽ റഫറൻസുകൾ; മോഹൻലാൽ ഇല്ലാതെ മലയാളികൾക്ക് എന്ത് ആഘോഷമെന്ന് ആരാധകർ
നന്ദന എം.സി
Monday, 30th March 2026, 11:11 am

മലയാള സിനിമ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വാഴ 2’. റിലീസിന് മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കുന്നത് ചിത്രത്തിലെ രസകരമായ റഫറൻസുകളാണ്. പ്രത്യേകിച്ച് മലയാളികളുടെ പ്രിയതാരം മോഹൻലാലിനെ ചുറ്റിപ്പറ്റിയുള്ള സൂചനകളാണ് ആരാധകരുടെ ശ്രദ്ധ മുഴുവൻ പിടിച്ചുപറ്റുന്നത്.

ആദ്യഭാഗമായ ‘വാഴ’യിൽ ദൃശ്യം സിനിമയുടെ റിലീസ് ആഘോഷം അവതരിപ്പിച്ചപ്പോൾ, രണ്ടാം ഭാഗമായ ‘വാഴ 2 വിൽ ലൂസിഫർ സിനിമയുടെ തിയേറ്റർ ആഘോഷമാണ് കാണിച്ചിരിക്കുന്നത്.

വാഴ 2, Photo: YouTube/ Screengrab

ഈ രണ്ട് ചിത്രങ്ങളും മോഹൻലാലിന്റെ കരിയറിലെ വലിയ വിജയങ്ങളായതിനാൽ, ഇവയെ ചുറ്റിപ്പറ്റിയുള്ള റഫറൻസുകൾ ഉൾപ്പെടുത്തിയതിൽ ആരാധകർ വലിയ ആവേശത്തിലാണ്. ‘മലയാളികൾക്ക് മോഹൻലാൽ ഇല്ലാതെ എന്ത് ആഘോഷം?’ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

നവാഗതനായ സവിൻ എസ്. എ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിയ ഹാഷിറും സംഘവുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

യുവജനങ്ങളുടെ സൗഹൃദവും അവരുടെ ജീവിതത്തിലെ തമാശകളും വികാരങ്ങളും എല്ലാം ചേർത്ത് അവതരിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ട്രെയ്ലർ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാഴ, Photo: YouTube/ Screengrab

അതേസമയം, കഥയുടെ തുടർച്ചയെ കുറിച്ചും ചില രസകരമായ ചർച്ചകൾ ഉയരുന്നുണ്ട്. ‘ദൃശ്യം’ 2013ൽ പുറത്തിറങ്ങിയതും ‘ലൂസിഫർ’ 2019ൽ എത്തിയതുമാണ്. ഈ ആറു വർഷത്തെ ഇടവേള കണക്കിലെടുക്കുമ്പോൾ കഥാപാത്രങ്ങളുടെ പ്രായത്തിൽ മാറ്റമില്ലാത്തത് ആരാധകർ തമാശയോടെ ചൂണ്ടിക്കാണിക്കുന്നു. ‘ഇത്രയും വർഷം കഴിഞ്ഞിട്ടും ഇവർക്ക് പ്രായം കൂടിയില്ലേ?’ എന്ന രീതിയിലുള്ള കമന്റുകളും വൈറലാകുന്നു.

മറ്റൊരു വിഭാഗം ആരാധകർ പറയുന്നത്, മോഹൻലാൽ മലയാള സിനിമയുടെ ഐശ്വര്യമാണെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളോട് ബന്ധപ്പെട്ട റഫറൻസുകൾ ഉൾപ്പെടുത്തുന്നത് തന്നെ സിനിമയ്ക്ക് പ്രത്യകത നൽകുന്നുവെന്നുമാണ്. അതുകൊണ്ടുതന്നെ ഇത്തരം എലമെന്റുകൾ സംവിധായകർ ബോധപൂർവ്വം ഉൾപ്പെടുത്തുന്നതായും വിലയിരുത്തപ്പെടുന്നു.

ഏപ്രിൽ 2ന് തിയേറ്ററുകളിലെത്തുന്ന ‘വാഴ 2’ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ട്രെയ്ലർ നൽകിയ ആവേശം നിലനിർത്തി ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നൽകുമെന്ന ഉറപ്പിലാണ് ആരാധകർ.

Content Highlight: Fans discover Mohanlal references in Vazha and Vazha 2

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.