മാര്‍ച്ച് 27ന് എമ്പുരാന്‍ മാര്‍ച്ച് 28 ന് ലൂസിഫര്‍; ആഘോഷിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
മാര്‍ച്ച് 27ന് എമ്പുരാന്‍ മാര്‍ച്ച് 28 ന് ലൂസിഫര്‍; ആഘോഷിച്ച് സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 29th March 2026, 11:59 am

മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത വിധം പ്രേക്ഷകര്‍ ആഘോഷിച്ച ചിത്രങ്ങളായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫറും എമ്പുരാനും. 2025 മാര്‍ച്ച് 27 ന് പുറത്തിറങ്ങിയ എമ്പുരാന്റെ ആദ്യ വാര്‍ഷികമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച്ച. പിന്നാലെ ചിത്രത്തിന്റെ ആദ്യഭാഗമായ ലൂസിഫര്‍ റിലീസ് ചെയ്തിട്ട് ഇന്നലെ (ശനിയാഴ്ച്ച) ഏഴ് വര്‍ഷവും പൂര്‍ത്തിയായിരുന്നു. മലയാളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളായ ഇവ രണ്ടിന്റെയും വാര്‍ഷികങ്ങളെ വലിയ ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നത്.

ലൂസിഫര്‍: IBT Times India

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഇരുചിത്രങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാലും വീഡിയോകളാലും നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായി പുറത്തുവന്ന ചിത്രമായിരുന്നു ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി വേഷമിട്ട ചിത്രത്തിലെ അബ്രഹാം ഖുറേഷിയെന്ന അധോലോക ഡോണായുള്ള താരത്തിന്റെ രൂപമാറ്റവും പ്രേക്ഷകര്‍ വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു. 2019 മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 128 കോടിയോളം നേടതിയതിന് ശേഷമായിരുന്നു തിയേറ്റര്‍ വിട്ടത്.

എബ്രഹാം ഖുറേഷിയെന്ന അധോലോക നായകനെയും പൃഥ്വിരാജ് അവതരിപ്പിച്ച സൈദ് മസൂദിനെയും കുറിച്ചറിയാന്‍ ആറ് വര്‍ഷത്തോളമാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. മലയാളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം രാജകീയമായി തന്നെയാണ് തിയേറ്ററുകളിലെത്തിയത്. മലയാളത്തില്‍ അത്രയും കാലം ഓപ്പണിങ് ഡേ റെക്കോഡ് കൈവശം വെച്ചിരുന്ന ലിയോയെ തകര്‍ത്തെറിഞ്ഞാണ് എമ്പുരാന്‍ വരവറിയിച്ചത്. മലയാളത്തില്‍ ആദ്യമായി 250 കോടി ക്ലബില്‍ പ്രവേശനം നേടുന്ന ചിത്രമാവാനും അന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറാനും 260 കോടിയിലധികം നേടിയ എമ്പുരാനായിരുന്നു.

ചിത്രം റിലീസായി ആദ്യത്തെ രണ്ടാഴ്ച്ചകളില്‍ എമ്പുരാന് ടിക്കറ്റ് കിട്ടാനില്ലാത്തതും ടിക്കറ്റ് ബുക്കിങ്ങില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയില്‍ റെക്കോഡിടാനും ചിത്രതത്തിനായിരുന്നു. എമ്പുരാന്റെ ആദ്യഭാഗത്ത് പരാമര്‍ശിക്കുന്ന ഗുജറാത്ത് കലാപം വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഫ്രാഞ്ചൈസിന്റെ മൂന്നാം ഭാഗത്തിലേക്കുള്ള ലിങ്ക് നല്‍കിക്കൊണ്ടായിരുന്നു സംവിധായകന്‍ ചിത്രം അവസാനിപ്പിച്ചത്.

എമ്പുരാന് . Photo: WION

വാരണാസി, സലാര്‍ തുടങ്ങി വമ്പന്‍ ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിരാജ്. മലയാളത്തിലും തമിഴിലുമായി പ്രോമിസിങ്ങ് പ്രൊജക്ടുകളും ലാലേട്ടന്റെ ലൈനപ്പിലുണ്ട്. ഇതിനാല്‍ തന്നെ ചിത്രത്തിന്റെ മൂന്നാം ഭാഗം എന്ന് തുടങ്ങുമെന്നതിലും ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Content Highlight: Fans celebrates 7th anniversary of Lucifer and first anniversary of Empuran

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.