ചെന്നൈ: ഫാനി ചുഴലിക്കാറ്റ് അടുത്ത ആറു മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ചെന്നൈയില്‍ നിന്ന് 1,110 കിലോമീറ്റര്‍ തെക്ക്-കിഴക്കായാണ് ഫാനിയുടെ ഇപ്പോഴത്തെ സ്ഥാനം. മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് ഫാനി സഞ്ചരിക്കുന്നത്. ഞായറാഴ്ച 110 കിലോമീറ്റര്‍ വേഗം കൈവരിക്കും. ചൊവ്വാഴ്ച 140 മുതല്‍ 150 വരെ വേഗത കൈവരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

അതേസമയം, കാറ്റിന്റെ പാതയില്‍ വ്യതിയാനമുണ്ടാകുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ബുള്ളറ്റിന്‍ പ്രകാരം ഫാനി ചുഴലിക്കാറ്റ് തമിഴ്‌നാട്-ആന്ധ്രാ തീരത്ത് നിന്ന് വടക്ക് കിഴക്ക് ദിശയില്‍ അകന്ന് കടലിലേയ്ക്ക് പോവുന്നതായിട്ടാണ് പറയുന്നത്.

നവംബറില്‍ വീശിയ ‘ഗജ’ ചുഴലിക്കാറ്റിനെക്കാള്‍ തീവ്രമായ കാറ്റായിരിക്കും ഫാനി എന്നാണ് കരുതുന്നത്. ആന്ധ്രയും തമിഴ്നാടും ഫാനിയെ നേരിടാനുള്ള മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ട്. പുനരധിവാസത്തിനടക്കം പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും മെയ് ഒന്നുവരെ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു.

അതേസമയം, ഫാനിയുടെ സ്വാധീനത്തില്‍ തിങ്കളും ചൊവ്വയും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലുമുള്ള കാറ്റിന് സാധ്യതയുണ്ട്.

തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം (യെല്ലോ അലര്‍ട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കേരള തീരക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മീന്‍പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഞായറാഴ്ചയ്ക്കുമുമ്പ് തിരിച്ചെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാവിഭാഗവും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രതപാലിക്കണം.