പാസ്റ്റിലേക്ക് പോയ പാപ്പന്‍ സാരഥി കോരനെ കണ്ടാലുള്ള അവസ്ഥ എന്താകും? ആട് 3 ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയായി ടൈം ട്രാവല്‍ പോസ്റ്റുകള്‍
Malayalam Cinema
പാസ്റ്റിലേക്ക് പോയ പാപ്പന്‍ സാരഥി കോരനെ കണ്ടാലുള്ള അവസ്ഥ എന്താകും? ആട് 3 ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയായി ടൈം ട്രാവല്‍ പോസ്റ്റുകള്‍
അമര്‍നാഥ് എം.
Wednesday, 6th May 2026, 11:33 am

ഈ വര്‍ഷം മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായിരുന്നു ആട് 3. മലയാളത്തില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള ഫ്രാഞ്ചൈസിയുടെ മൂന്നാം വരവ് ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമുണ്ടാക്കി. ഇഷ്ട കഥാപാത്രങ്ങളെല്ലാം അണിനിരന്ന ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയിലും സ്ട്രീമിങ് ആരംഭിച്ചു. സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഴോണര്‍ ഷിഫ്റ്റ് സംവിധായകന്‍ ഇത്തവണ പരീക്ഷിച്ചിട്ടുണ്ട്. ടൈം ട്രാവല്‍, ടൈം സ്വാപ് എലമെന്റുകള്‍ പ്രേക്ഷകരില്‍ കൃത്യമായി വര്‍ക്കാവുകയും ചെയ്തു. അടുത്ത ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. നാലാം ഭാഗത്തില്‍ വലിയൊരു വെടിക്കെട്ടുണ്ടാകുമെന്ന സൂചനയാണ് ആട് 3 സമ്മാനിച്ചത്.

ആട് 3 Photo: screen grab/ Zee5

 

ഡ്യൂഡ് പാസ്റ്റിലേക്ക് പോയതും പദ്മനാഭ രാജാവ് പ്രസന്റിലേക്ക് എത്തിയതും അടുത്ത ഭാഗത്തിനായി കാത്തിരിക്കാനുള്ള ആകാംക്ഷ കൂട്ടിയിരിക്കുകയാണ്. ആട് 4ല്‍ എന്തൊക്കെയാകും ഉണ്ടാവുക എന്നതിനെക്കുറിച്ച് ഇതിനോടകം പല ഫാന്‍ തിയറികളും പുറത്തുവന്നു. പദ്മനാഭ രാജാവ് പ്രസന്റിലേക്ക് എത്തിയെങ്കില്‍ പാപ്പന്‍ പാസ്റ്റിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

അങ്ങനെ വന്നാല്‍ തന്റെ ടീമിലെ ബാക്കിയുള്ളവരെ പാപ്പന്‍ രക്ഷപ്പെടുത്തുമെന്ന് ചില പോസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു പോസ്റ്റാണ് എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ചത്. പാസ്റ്റിലേക്ക് ചെല്ലുന്ന പാപ്പന്‍ അവിടെ രാജാവിന്റെ സാരഥിയായ കോരനെ കാണാനുള്ള സാധ്യതയുണ്ടെന്നും അയാളുടെ അടുത്ത് നിന്ന് റാണിയെ രക്ഷിച്ചേക്കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്.

ആട് 3 Photo: screen grab/ Zee5

പാപ്പനും കോരനും തമ്മില്‍ കാണുന്ന സീന്‍ ഒരു സംഭവം തന്നെയായേക്കുമെന്നും തെന്നല്‍ കൃഷ്ണ എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ കമന്റ് ബോക്‌സും രസകരമാണ്. ആട് 3യില്‍ കുറച്ച് വെറുപ്പിച്ച ക്ലീറ്റസിനെ അടുത്ത ഭാഗത്തില്‍ ഇല്ലാതാക്കാന്‍ പാപ്പന്‍ എന്തെങ്കിലും ചെയ്യുമോ എന്നാണ് ഒരാള്‍ ചോദിച്ചത്.

ഒരുപക്ഷേ പ്രസന്റില്‍ ക്ലീറ്റസ് സ്വയം ബലിയാട് ആയേക്കുമെന്നും അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമില്‍ അയണ്‍ മാനെപ്പോലെ ഹീറോയിക് എന്‍ഡ് സംവിധായകന്‍ ക്ലീറ്റസിന് നല്‍കിയേക്കുമെന്നും കമന്റുകളുണ്ട്. മൂന്നാം ഭാഗത്തില്‍ ചിത്രത്തിന് ലഭിച്ച വിമര്‍ശനങ്ങളില്‍ നിന്ന് സംവിധായകന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാകും ആട് 4 ആരംഭിക്കുകയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Fan Theories about Aadu 3 and fourth part viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം