മലയാളത്തില്‍ കരിയര്‍ ആരംഭിക്കുകയും പിന്നീട് പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്വന്തമായി റീച്ച് ഉണ്ടാക്കിയെടുക്കുകയും ചെയ്ത അഭിനേതാവാണ് ഫഹദ് ഫാസില്‍. മലയാളത്തിലെ സീനിയര്‍ സംവിധായകനായ ഫാസിലിന്റെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ ഫഹദിന് തന്റെ ആദ്യവരവില്‍ അടി പതറയിരുന്നു. ഫാസില്‍ തന്നെ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ കൈ എത്തും ദൂരത്ത് എന്ന ചിത്രം പരാജയമാകുകയും ഫഹദിന്റെ അഭിനയത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു.

ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. Photo: District
ചിത്രത്തിന് പിന്നാലെ സിനിമയില്‍ നിന്നും അവധിയെടുത്ത താരം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പിന്നാലെ സിനിമാ രംഗത്ത് സജീവമായ താരം മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിന് പുറമെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായ പുഷ്പയിലും വിക്രമിലും ഫഹദ് ഫാസില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.
താരം നായകനായി ഒക്ടോബര്‍ രണ്ടിന് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. സംവിധായകന്‍ എസ്.എസ് രാജമൗലി പ്രെസന്റ് ചെയ്ത് മകന്‍ എസ്.എസ് കാര്‍ത്തികേയന്‍ നിര്‍മിക്കുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലോട്ടിയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴില്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കമല്‍ ഹാസനെ കുറിച്ച് ഫഹദ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
മാലിക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഒരു ഷോട്ട് എടുക്കുന്നതില്‍ കമല്‍ ഹാസന്‍ സഹായിച്ചതിനെ കുറിച്ചാണ് ഫഹദ് അഭിമുഖത്തില്‍ സംസാരിച്ചത്.

മാലിക്ക്. Photo: X.com
‘ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ തമിഴ് ഡബ്ബ് വേര്‍ഷന്റെ റിലീസിനായി വന്നപ്പോള്‍ അദ്ദേഹത്തെ ട്രെയ്‌ലര്‍ കാണാനായി ക്ഷണിച്ചിരുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം അവിടെ ചെലവിഴിച്ചു. കമല്‍ സാറിനെ എപ്പോള്‍ കണ്ടാലും അദ്ദേഹം മിനിമം രണ്ട് മൂന്ന് മണിക്കൂറെങ്കിലും സംസാരിക്കും. മാലിക്ക് പടം ഷൂട്ട് ചെയ്യുമ്പോള്‍ കടലില്‍ ഒരു സീക്വന്‍സ് ഷൂട്ട് ചെയ്യണമായിരുന്നു. എത്ര ചെയ്തിട്ടും അത് ശരിയാവുന്നില്ല. അങ്ങനെ നായകന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം എങ്ങനെയായിരിക്കും ഇത് ചെയ്തിട്ടുണ്ടാകുക എന്ന് ആലോചിച്ച് അദ്ദേഹത്തെ വിളിച്ചു. അദ്ദേഹമാണ് ബോട്ട് ഒരു പ്രത്യേക ദിശയിലേക്ക് ഓടിച്ച് ക്യാമറ അതിന്റെ ഓപ്പോസിറ്റ് വെച്ച് ഷൂട്ട് ചെയ്യാന്‍ പറഞ്ഞത്. അങ്ങനെയാണ് അന്ന് ഷൂട്ട് ചെയ്തത്,’ ഫഹദ് പറഞ്ഞു.
Content Highlight: Fahadh Faasil talks about his experience with kamal haasan during Maalik shoot
