സ്‌പെഷ്യല്‍ ഫഹദ്, തമിഴില്‍ ചെറിയൊരു വേഷം ചെയ്യാന്‍ ഫഫ, ഇരുകയ്യും നീട്ടി സ്വീകരിച്ച് അണിയറപ്രവര്‍ത്തകര്‍
Indian Cinema
സ്‌പെഷ്യല്‍ ഫഹദ്, തമിഴില്‍ ചെറിയൊരു വേഷം ചെയ്യാന്‍ ഫഫ, ഇരുകയ്യും നീട്ടി സ്വീകരിച്ച് അണിയറപ്രവര്‍ത്തകര്‍
അമര്‍നാഥ് എം.
Thursday, 12th February 2026, 8:36 pm

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറിയ നടനാണ് ഫഹദ് ഫാസില്‍. ആദ്യ സിനിമയില്‍ അഭിനയത്തിന്റെ പേരില്‍ കേട്ട പഴികളെല്ലാം തിരിച്ചുവരവില്‍ ഇല്ലാതാക്കാന്‍ ഫഹദിന് സാധിച്ചിരുന്നു. ഈ ജനറേഷനിലെ ഏറ്റവും മികച്ച നടനെന്ന പേര് സ്വന്തമാക്കിയതിനോടൊപ്പം ഭാഷാതിര്‍ത്തികള്‍ കടന്നും ഫഹദ് ശ്രദ്ധ നേടി.

ആവേശത്തിലൂടെ പാന്‍ ഇന്ത്യയൊട്ടാകെ ഫഹദ് ചര്‍ച്ചാവിഷയമായി മാറി. രംഗണ്ണനെന്ന കഥാപാത്രം ഫഹദിന്റെ കരിയറിലെ ഏറ്റവും ഹിറ്റായ ഒന്നെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആവേശത്തിന് ശേഷം അന്യഭാഷയിലാണ് ഫഹദ് കൂടുതലായി ശ്രദ്ധ നല്‍കുന്നത്. രണ്ട് തെലുങ്ക് ചിത്രങ്ങളാണ് നിലവില്‍ താരത്തിന്റെ ലൈനപ്പിലുള്ളത്. ഇപ്പോഴിതാ ഒരു തമിഴ് ചിത്രത്തിലും ഫഹദ് ഭാഗമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഫഹദ് ഫാസില്‍ Photo: Dawn Pictures/ X.com

നവാഗതനായ ആകാശ് ഭാസ്‌കരന്‍ സംവിധാനം ചെയ്യുന്ന ഇദയം മുരളി എന്ന ചിത്രത്തില്‍ ഫഹദ് അതിഥിവേഷം ചെയ്യുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ സെറ്റില്‍ ഫഹദ് ഇന്ന് ജോയിന്‍ ചെയ്യുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആവേശത്തിലെ ‘ഇല്ലുമിനാറ്റി’ എന്ന ഗാനമാണ് വീഡിയോക്ക് നല്‍കിയത്.

റോം കോം ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ ഗസ്റ്റ് അപ്പിയറന്‍സായാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്. ഈ വര്‍ഷം സമ്മര്‍ റിലീസായൊരുങ്ങുന്ന ഇദയം മുരളിയുടെ ഓരോ അപ്‌ഡേറ്റും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ അതിഥിവേഷവും ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തി. അഥര്‍വയുടെ കരിയറിലെ മികച്ച ചിത്രമാകും ഇദയം മുരളിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇദയം മുരളി Photo: Theatrical poster

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. പ്രീതി മുകുന്ദനും കയേദു ലോഹറുമാണ് ഇദയം മുരളിയിലെ നായികമാര്‍. കഴിഞ്ഞവര്‍ഷമാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടത്. മുരളി എന്ന യുവാവിന്റെ രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് ഇദയം മുരളിയുടെ പ്രധാന കഥ. പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തുന്നതായിരുന്നു.

തമന്‍ എസ് ആണ് ഇദയം മുരളിയുടെ സംഗീതം. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ഡോവ്ണ്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വേട്ടൈയന് ശേഷം ഫഹദ് ഭാഗമാകുന്ന ഇദയം മുരളി വന്‍ ഹിറ്റാകുമെന്ന് തന്നെയാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Fahadh Faasil playing special appearance in Idhayam Murali movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം