ഇവര്‍ രണ്ട് പേരും മുംബൈയുടെ കരുത്ത്; തെരഞ്ഞെടുപ്പുമായി ഫാഫ് ഡു പ്ലെസി
Cricket
ഇവര്‍ രണ്ട് പേരും മുംബൈയുടെ കരുത്ത്; തെരഞ്ഞെടുപ്പുമായി ഫാഫ് ഡു പ്ലെസി
ശ്രീരാഗ് പാറക്കല്‍
Thursday, 19th March 2026, 10:10 pm

ഇംഗ്ലണ്ട് താരം വില്‍ ജാക്‌സും വിന്‍ഡീസ് കരുത്തന്‍ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനോടൊപ്പമുള്ളത് ടീമിന്റെ കരുത്ത് കൂട്ടുമെന്ന് മുന്‍ പ്രോട്ടിയാസ് താരം ഫാഫ് ഡു പ്ലെസി. ജാക്‌സും റൂഥര്‍ഫോഡും മുംബൈക്ക് ‘രണ്ട് ആന്ദ്രെ റസല്‍’ ഉള്ളതുപോലെയാണെന്ന് ഫാഫ് പറഞ്ഞു.

ഇംഗ്ലണ്ട് താരം വില്‍ ജാക്‌സും വിന്‍ഡീസ് കരുത്തന്‍ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡും

‘കഴിഞ്ഞ വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ ടി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റൂഥര്‍ഫോര്‍ഡ്. അദ്ദേഹത്തിന്റെ ബാറ്റിങ് അവിശ്വസനീയമാണ്. വില്‍ ജാക്സ് ആകട്ടെ പവര്‍ ഹിറ്റിങ്ങിനൊപ്പം ഓഫ് സ്പിന്‍ കൂടി എറിഞ്ഞ് മികച്ച ഫിനിഷര്‍ റോളും കൈകാര്യം ചെയ്യുന്നു. ഇത് മുബൈ ടീമില്‍ രണ്ട് ആന്ദ്രെ റസലുകള്‍ ഉള്ളതുപോലെയാണ്,’ ഡു പ്ലെസിസ് ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോയോട് പറഞ്ഞു.

2025 സീസണില്‍ 5.25 കോടിക്ക് മുംബൈ നിലനിര്‍ത്തിയ താരമാണ് ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ്. സീസണില്‍ വില്‍ ജാക്‌സ് 233 റണ്‍സും ആറ് വിക്കറ്റും നേടിയിരുന്നു. 2026 ടി-20 ലോകകപ്പിലെ മികച്ച പ്രകടനവും മുംബൈക്ക് മുതല്‍ക്കൂട്ടാകും. ലോകകപ്പില്‍ നാല് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ താരം സ്വന്തമാക്കിയിരുന്നു.

അതേസമയം വിന്‍ഡീസ് സൂപ്പര്‍ താരം ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരമായിരുന്നു. 157.30 സ്‌ട്രൈക്ക് റേറ്റില്‍ 291 റണ്‍സ് നേടിയ റൂഥര്‍ഫോര്‍ഡിനെ ട്രേഡിങ്ങിലൂടെയാണ് മുംബൈ സ്വന്തമാക്കിയത്. 2.6 കോടിക്കാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്.

അതേസമയം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. മാര്‍ച്ച് 29ന് വാംഖഡയില്‍ വെച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോപ്പമാണ് മുംബൈയുടെ ആദ്യ മത്സരം.

Content Highlight: Faf du Plessis Praises Sherfane Rutherford And Will Jacks

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ