'മെസിയെ പരിഹസിച്ച്' ഫേസ്ബുക്ക് പോസ്റ്റ്; കേരള പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
Kerala News
'മെസിയെ പരിഹസിച്ച്' ഫേസ്ബുക്ക് പോസ്റ്റ്; കേരള പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
ആദർശ് എം.കെ.
Sunday, 12th July 2026, 3:26 pm

തിരുവനന്തപുരം: കേരള പൊലീസ് തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവെച്ച പോസ്റ്റിനെതിരെ പരാതി. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ട് കേരള പൊലീസ് പങ്കുവെച്ച വിവാദ പോസ്റ്റിന് പിന്നാലെയാണ് പരാതി.

മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി എന്നിവര്‍ക്കാണ് മലപ്പുറത്തുകാരനായ യുവാവ് പരാതി നല്‍കിയിരിക്കുന്നത്. ഔദ്യോഗിക പ്ലാറ്റ്ഫോം വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച പോസ്റ്റില്‍, റഫറി ലയണല്‍ മെസിയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ഒരു ചിത്രവും, അതിന് തൊട്ടുപിന്നാലെ കേരളത്തിന്റെ ഭൂപടം ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രവുമാണ് ഉണ്ടായിരുന്നത്.

അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ പങ്കുവെച്ചുകൊണ്ട്, ‘എന്തുവന്നാലും കേരളത്തിനൊപ്പം പോലീസ് ഉണ്ടാകും’ എന്ന സന്ദേശമാണ് പോസ്റ്റ് നല്‍കാന്‍ ശ്രമിച്ചത്.

റഫറിയുടെ സഹായത്തോടെയാണ് അര്‍ജന്റീന ജയിക്കുന്നത് എന്ന രീതിയില്‍ മെസിയെയും അര്‍ജന്റീനയെയും മോശപ്പെടുത്തി ചിത്രീകരിക്കുന്നതാണ് ഈ പോസ്റ്റെന്ന് ഫുട്‌ബോള്‍ ആരാധകര്‍ ആരോപിച്ചു.

പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഉടന്‍ തന്നെ കമന്റ് ബോക്‌സില്‍ മെസി-അര്‍ജന്റീന ആരാധകരുടെ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നു വന്നു. ഇതേത്തുടര്‍ന്ന് ചുരുങ്ങിയ സമയത്തിനകം തന്നെ കേരള പോലീസിന് ആ പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു.

ലോകം ആദരിക്കുന്ന ഒരു കായികതാരത്തെയും അര്‍ജന്റീനയെയും അപമാനിക്കാനാണ് ഈ പോസ്റ്റിലൂടെ ശ്രമം നടന്നത്, പോസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ തന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ പോലീസിന്റെ ഔദ്യോഗിക പേജ് ദുരുപയോഗം ചെയ്തു, വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

 

Content highlight: ‘Facebook post mocking Messi’: Complaint lodged with Chief Minister against Kerala Police.

 

 

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.