ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപ പ്രശ്‌നത്തില്‍ രാജ്യസഭയില്‍ ഇന്ന് ചര്‍ച്ച തുടങ്ങും. നാളെയാണ് ചട്ടം 168 പ്രകാരമുള്ള വോട്ടെടുപ്പ്.

സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ എസ്.പി.യും , ബി.എസ്.പി.യും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നാലും വിജയം ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.[]

244 അംഗ രാജ്യസഭയില്‍ യു.പി.എ.യ്ക്ക് 95 അംഗങ്ങള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ യു.പി.എ. ക്യാമ്പ് തീവ്രശ്രമം തുടങ്ങിയിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ വോട്ടുചെയ്യാനാണ് സാധ്യതയെന്നാണ് അറിയുന്നത്. എന്നാല്‍ 15 എം.പി.മാരുള്ള മായാവതിയുടെ ബി.എസ്.പി.യെക്കൊണ്ട് രാജ്യസഭയില്‍ സര്‍ക്കാറിന് അനുകൂലമായി വോട്ടുചെയ്യിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

ആര്‍.ജെ.ഡി. എല്‍.ജെ.പി. , സ്വതന്ത്രര്‍ ഏകാംഗകക്ഷികള്‍ എന്നിവരെ ഒപ്പം നിര്‍ത്താനുള്ള നീക്കവും സജീവമാണ്. എന്നാല്‍ സര്‍ക്കാറിന് ജയം ഉറപ്പാക്കാനാകാത്ത സാഹചര്യമുണ്ടായാല്‍ വോട്ടെടുപ്പ് നടത്താതെ സഭ അലങ്കോലപ്പെടുത്താനും ശ്രമം നടന്നേക്കും.

അതേസമയം, ലോക്‌സഭയില്‍ പ്രതിപക്ഷനീക്കത്തെ പരാജയപ്പെടുത്തിയതോടെ സര്‍ക്കാറും കോണ്‍ഗ്രസ്സും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാജ്യസഭയിലും പ്രതിപക്ഷപ്രമേയത്തെ തോല്‍പ്പിക്കാനാവുമെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍.

ലോക്‌സഭയിലെ വോട്ടെടുപ്പില്‍ കേരളത്തില്‍നിന്നുള്ള എം.പിമാരില്‍ ഭൂരിപക്ഷവും റീട്ടെയില്‍ എഫ്.ഡി.ഐക്ക് അനുകൂലമായി വോട്ടുചെയ്തു. ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

ലോക്‌സഭയിലെ വോട്ടെടുപ്പില്‍ കേരളത്തില്‍നിന്നുള്ള 20ല്‍ 16 പേര്‍ എഫ്.ഡി.ഐയെ അനുകൂലിച്ചു. കോണ്‍ഗ്രസ്, മുസ്ലിംലീഗ്, കേരളാ കോണ്‍ഗ്രസ് എം എന്നിവയില്‍നിന്നുള്ള എം.പിമാരാണ് അനുകൂലിച്ച് വോട്ടു രേഖപ്പെടുത്തിയത്. നാല് ഇടത് എം.പിമാര്‍ എതിര്‍ത്തും വോട്ടുചെയ്തു.