പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാൽ വേണ്ട; സതീശന്റെ സത്യപ്രതിജ്ഞക്കെതിരെ ജിന്റോ ജോൺ
Kerala
പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാൽ വേണ്ട; സതീശന്റെ സത്യപ്രതിജ്ഞക്കെതിരെ ജിന്റോ ജോൺ
മുഹമ്മദ് നബീല്‍
Tuesday, 19th May 2026, 3:51 pm

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ സത്യപ്രതിജ്ഞക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഇന്നലെ സത്യവാചകം ചൊല്ലുമ്പോൾ വി.ഡി സതീശൻ എന്ന് പറയുന്നതിന് പകരം വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന് പറഞ്ഞതിനെതിരെയാണ് കോൺഗ്രസ് നേതാവിന്റെ വിമർശനം.

തന്റെ പേര് തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല എന്നും ജിന്റോ ജോൺ ആണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ് എന്നും ജിന്റോ കൂട്ടിച്ചേർത്തു.

അതേസമയം ഇന്നലത്തെ പ്രയോഗത്തിൽ വി.ഡി സതീശനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. നിരവധി തവണ എം.എൽ.എ ആയ സതീശൻ ആദ്യമായാണ് ജാതിപ്പേരുകൂട്ടി സത്യവാചകം ചൊല്ലുന്നത്. ഇടഞ്ഞ് നിൽക്കുന്ന എൻ.എസ്.എസിനെയും സുകുമാരൻ നായരെയും കയ്യിലെടുക്കാൻ വേണ്ടിയാണ് സതീശന്റെ മേനോൻ പ്രയോഗമെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം.

മർദ്ദകജാതി പേര് ഒഴിവാക്കാനുള്ള ധാർമിക ഉത്തരവാദിത്വം കേരളത്തിൻ്റെ മുഖ്യമന്ത്രിക്ക് ഉണ്ടെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:-

തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോൺ, അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ്‌ ബോധ്യം.

Content Highlight: Even if the number of punches decreases slightly, there is no need for casteism; Jinto John opposes Satheesan’s oath-taking

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം