തിരുവനന്തപുരം: 58മത് സക്ൂള്‍ കായികമേളയില്‍ എറണാംകുളത്തിന്റെ പടയോട്ടം. 213 പോയിന്റുകളുമായി ഏറെമുന്നിലാണ് ജില്ല. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാടിന് 152 പോയിന്റ് മാത്രമാണുള്ളത്. ഇതോടെ എറണാംകുളം ജില്ല കിരീടം ഉറപ്പിച്ചു കഴിഞ്ഞു.
അതേസമയം ആവേശകരമായ മത്സരമാണ് ഇന്നും നടന്നത്. ഇന്ന് നടന്ന 4 ഃ 100 മീറ്റര്‍ റിലേമത്സരങ്ങളില്‍ ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാടും സീനിയര്‍ പെണ്‍കുട്ടികളില്‍ കോട്ടയവും സ്വര്‍ണം കരസ്ഥമാക്കി . സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ കോഴിക്കോടും സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെതില്‍ എറണാംകുളവും സ്വര്‍ണം കരസ്ഥമാക്കി.
രണ്ട് മീറ്റ് റെക്കോഡുകളാണ് പോള്‍വാള്‍ട്ടില്‍ രണ്ടാം ദിനമുണ്ടായത്. സീനിയര്‍ തലത്തില്‍ പാലാ സെന്റ് മേരീസിലെ മരിയ ജയ്‌സണും (3.25 മീ.) ജൂനിയര്‍ തലത്തില്‍ കല്ലടി സ്‌കൂളിലെ എ.സി. നിവ്യ ആന്റണിയു (3.10 മീ) മാണ് റെക്കോഡ് പുസ്തകത്തില്‍ ഇടം നേടിയത്.
സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 11.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത്് കാസര്‍കോഡ് നായന്‍മാര്‍മൂല സ്‌കൂളിലെ ടി.കെ. ജ്യോതിപ്രസാദ് അതിവേഗപ്പട്ടം സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്‌കൂളിലെ എം.വി ഹര്‍ഷയും, സബ്ജൂനിയര്‍ 100 മീറ്ററില്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ പി.ഡി അഞ്ജലിയും,അടക്കം നാലുതാരങ്ങള്‍ മീറ്റില്‍ തങ്ങളുടെ ഇരട്ട സ്വര്‍ണം സ്വന്തമാക്കി. സ്‌കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളാണ് ഒന്നാമത് നില്‍ക്കുന്നത്.
