ലിന്‍സ്: ഓസ്ട്രിയയും ഇസ്രഈലും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തിനിടെ ‘വംശഹത്യ അവസാനിപ്പിക്കുക’ എന്ന ആവശ്യവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതിഷേധം നടത്തി. ഓസ്ട്രിയയിലെ ലിന്‍സില്‍ നടന്ന മത്സരത്തിനിടെയാണ് ആംനസ്റ്റി പ്രവര്‍ത്തകര്‍ ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്.

ഗസയിലെ ഫലസ്തീനികളുടെ ദുരിതത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവരികയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് ആംനസ്റ്റി പറഞ്ഞു.

മത്സരത്തിനെത്തിയ ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരുടെ മുന്നിലാണ് പ്രതിഷേധം നടന്നത്. ഗസയിലെ മനുഷ്യാവകാശ സാഹചര്യം അവഗണിച്ച് ഇസ്രഈല്‍ ദേശീയ ഫുട്‌ബോള്‍ ടീമിനെ അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടരാന്‍ അനുവദിക്കുന്നതിനെതിരെയും സംഘടന പ്രതിഷേധിച്ചു.

ഇസ്രഈല്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ആംനസ്റ്റി മുന്നോട്ടുവച്ചു.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രഈലി കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ട ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഇസ്രഈല്‍ ആഭ്യന്തര ലീഗുകളില്‍ കളിക്കുന്നതായും സംഘടന ആരോപിച്ചു.

അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനകളായ ഫിഫയും യുവേഫയും വിഷയത്തില്‍ ഇടപെടണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കായിക സംഘടനകള്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സംഘടന പറഞ്ഞു.

ഗസയിലെ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി ഇനിയും കായിക വേദികളിലും പ്രതിഷേധങ്ങള്‍ ശക്തമാക്കുമെന്നും ആംനസ്റ്റി പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: End the genocide; Amnesty protests during the Austria-Israel Nations League match.