വമ്പന്‍ താരനിരകളോ കണ്ണഞ്ചിപ്പിക്കുന്ന ബജറ്റോ ഇല്ലാതെ വന്ന് ബോക്‌സ് ഓഫീസില്‍ ചരിത്രവിജയമെഴുതിയ ചിത്രമാണ് വാഴ 2. നവാഗത സംവിധായകനൊപ്പം ഒരുപിടി പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രം നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ നേടിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.
ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററിലേതുപോലെ മികച്ച പ്രതികരണമാണ് ഒ.ടി.ടിയിലും വാഴ 2ന് ലഭിക്കുന്നത്. കമിങ് ഓഫ് ഏജ് ഡ്രാമ ഴോണറിലൊരുങ്ങിയ ചിത്രം എല്ലാതരം പ്രേക്ഷകര്‍ക്കും കണക്ടാകുന്ന തരത്തിലാണ് ചിത്രം ഒരുങ്ങിയത്. പ്രേക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചും മുന്നോട്ടുപോകുന്ന ചിത്രത്തിലെ പല രംഗങ്ങളും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.
വാഴ 2 Photo: Jio Hotstar
ചിത്രത്തിലെ സഹോദരങ്ങളായ അജിനും സജിനും ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള സംഭാഷണം പലരെയും ഒരുപോലെ കണ്ണ് നിറയിച്ച ഒന്നാണ്. അതുവരെ തമ്മില്‍ തല്ലി നടന്ന ഇരുവരും അവരുടെ സങ്കടങ്ങള്‍ പങ്കുവെക്കുന്നതും പിന്നീട് പരസ്പരം മനസിലാക്കുന്നതുമെല്ലാം മനസില്‍ തൊടുന്ന രംഗമാണ്. എന്നാല്‍ ഈ സീനിലെ മറ്റൊരു ഭാഗം സിനിമാപേജുകളില്‍ ചര്‍ച്ചയാവുകയാണ്.
താന്‍ അയച്ച മെസേജിനെക്കുറിച്ച് സജിന്‍ അജിനോട് സംസാരിക്കുന്ന സീനുണ്ട്. ദുബായിലേക്ക് അനിയന്‍ വരുന്നെന്ന് അറിയുമ്പോള്‍ അവനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി സജിന്‍ മെസേജയക്കുകയാണ്. ‘നീയിങ്ങോട്ട് വരണ്ട, അവിടെ നിന്ന് പഠിച്ചാല്‍ മതി. ഇവിടെ വന്നിട്ട് എന്ത് ചെയ്യാനാ’ എന്ന മെസേജ് കണ്ടിട്ടാണ് താന്‍ വന്നതെന്ന് അജിന്‍ പറയുന്നുണ്ട്.
വാഴ 2 Photo: Jio Hotstar
‘ദേഷ്യത്തോടെ വായിച്ചാല്‍ ഈ മെസേജ് അങ്ങനെയേ തോന്നൂ. സമാധാനത്തില്‍ വായിക്കണം. നീയിങ്ങോട്ട് വരണ്ട. അവിടെ നിന്ന് പഠിച്ചാല്‍ മതി. ഇവിടെ വന്നിട്ട് എന്ത് ചെയ്യാനാ’ എന്ന് സാധാരണ രീതിയില്‍ പറയുകയാണ്. ഇതേ രംഗം വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിന്‍ ഹനീഫ ചെയ്തുവെച്ചിട്ടുണ്ടെന്നാണ് ട്രോളന്മാരുടെ കണ്ടുപിടിത്തം.
2004ല്‍ പുറത്തിറങ്ങിയ കേരള ഹൗസ് ഉടന്‍ വില്പനക്ക് എന്ന ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ അവതരിപ്പിച്ച കീരി വാസു എന്ന കഥാപാത്രം ഇത്തരമൊരു കത്തയച്ചിട്ട് അതിനെ തന്റേതായ രീതിയില്‍ ഡീകോഡ് ചെയ്യുന്ന സീനുണ്ട്. താനയച്ച കത്ത് തെറ്റായ രീതിയില്‍ വായിച്ചവരെ കീരി വാസു തിരുത്തുന്ന രംഗം തമാശയായാണ് സംവിധായകന്‍ ഒരുക്കിയത്.
കേരള ഹൗസ് ഉടന്‍ വില്പനക്ക് Photo: Screen grab/ Malayalam Movies HD
വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരമൊരു സീനിനെ പുതിയ രീതിയില്‍ ഇമോഷണലായി സംവിധായകന്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആവര്‍ത്തന വിരസത തോന്നാത്ത രീതിയില്‍ ഇത്തരമൊരു സീന്‍ അവതരിപ്പിച്ചതില്‍ സംവിധായകനെയും പലരും പ്രശംസിക്കുന്നുണ്ട്.
Content Highlight: Emotional scene in Vaazha 2 discussing in social media