ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് പഠിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നാലംഗ സമിതിയെ നിയോഗിച്ചു. ബി. എസ്. പി നേതാവ് മായാവതിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ കൊല്‍ക്കത്തയില്‍ നടത്തിയ മഹാറാലിക്ക് ശേഷം ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

ALSO READ: ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ മോദിയും അമിത് ഷായും രാജ്യം തകര്‍ക്കും: അരവിന്ദ് കെജ്‌രിവാള്‍

ബി.ജെ.പിക്ക് വിജയിക്കാന്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തുന്നുവെന്ന ആക്ഷേപം മുന്‍പ് തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ മഹാറാലിയില്‍ പ്രസംഗിച്ച നേതാക്കളെല്ലാം ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തു. വോട്ടുകള്‍ മോഷ്ടിക്കാനുള്ള ഉപകരണമാണ് ഇ.വി.എം എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ല ആരോപിച്ചു.

വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ സ്ഥിരീകരിക്കുന്നതിനുള്ള വിവിപാറ്റ് മെഷീന്‍ വ്യാപകമായി ഉപയോഗിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു