ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ് രണ്‍വീര്‍ സിങ് നായകനായ ധുരന്ധര്‍ 2. ആദിത്യ ധറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിന് പുറമെ സഞ്ജയ് ദത്ത്, മാധവന്‍, രാഘേഷ് ബേദി, സാറാ അര്‍ജുന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ ഇതിനോടകം 1000 കോടിക്ക് മുകളില്‍ കളക്ഷനാണ് നേടിയത്.
ഇതോടെ ഏറ്റവും വേഗത്തില്‍ ആയിരം കോടി ക്ലബില്‍ ഇടം നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ധുരന്ധര്‍ ദി റിവെഞ്ച് സ്വന്തമാക്കി. ഇന്ത്യയില്‍ നിന്നും 814 കോടിയും ഓവര്‍സീസില്‍ നിന്ന് 274 കോടിയുമാണ് സിനിമ സ്വന്തമാക്കിയത്. ചിത്രത്തിന്റെ ആദ്യ ഭാഗവും 1000 കോടി പിന്നിട്ടിരുന്നു. ഇതോടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് ശേഷം ബോക്സ് ഓഫീസില്‍ തുര്‍ച്ചയായി 1000 കോടി നേടുന്ന നടന്‍ എന്ന നേട്ടമാണ് രണീവീര്‍ സ്വന്തമാക്കിയിരിക്കുന്നത്.
വലിയ ഹൈപ്പിലെത്തിയ സിനിമയുടെ രണ്ടാം ഭാഗവും 1000 കോടി ക്ലബില്‍ കയറിയതോടെ രണ്‍വീറാണ് ചലച്ചിത്രലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. താരത്തിന്റെ കരിയറിലെ ഒരു വലിയ നാഴികക്കല്ല് തന്നെയായി മാറിയിരിക്കുകയാണ് ധുരന്ധര്‍. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ക്ക് 1000 കോടി എന്ന റെക്കോഡില്‍ ഇനി രണ്‍വീറിന്റെ പേരും ഉണ്ട്.
സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ 2023 ജനുവരി 25നാണ് തിയേറ്ററുകളിലെത്തിയത്. വന്‍ ഹൈപ്പോടെ എത്തിയ ചിത്രം റിലീസിന് മുമ്പ് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ബോക്സ് ഓഫീസില്‍ 1000 കോടിക്ക് മുകളില്‍ കളക്ഷന് സ്വന്തമാക്കിയ ചിത്രം ഷാരൂഖാന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറി.
അറ്റ്ലിയുടെ സംവിധാനത്തില്‍ 2023 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ജവാന്‍ എന്ന ചിത്രം ബോക്സ് ഓഫീസിനെ പഞ്ഞിക്കിട്ടു. നയന്‍താര, ദീപിക പദുക്കോണ്‍ തുടങ്ങി വന്‍ താരനിര അണിരിന്ന ചിത്രം ആഗോളതലത്തില്‍ 1000 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി.
ഇപ്പോഴിതാ രണ്‍വീര്‍ സിങ്ങും ധുരന്ധര്‍ 2വിന്റെ കളക്ഷനിലൂടെ തുടര്‍ച്ചയായി 1000 കോടി എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മേക്കിങില്‍ മികച്ച് നില്‍ക്കുമ്പോഴും ധുരന്ധറിലെ പ്രൊപ്പഗണ്ടകളും വിമര്‍ശിക്കപ്പെടുന്നുണ്ട്. നോട്ട് നിരോധനം പോലുള്ള തീരുമാനങ്ങള്‍ രാജ്യത്തിന്റെ നല്ലതിന് വേണ്ടിയായിരുന്നെന്ന് പറഞ്ഞ് വെള്ളപൂശുന്ന രംഗത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലായി.
Content Highlight: Durandhar 2 crossing Rs 1000 crore, Ranveer Singh becomes the after Shah Rukh Khan to earn Rs 1000 crore at the box office in a row