സീതാ രാമത്തിന് ശേഷം തെലുങ്കില്‍ ദുല്‍ഖറിന് മറ്റൊരു പ്രണയ ചിത്രം; ഡി.ക്യൂ41 ടൈറ്റില്‍ പുറത്ത്
Indian Cinema
സീതാ രാമത്തിന് ശേഷം തെലുങ്കില്‍ ദുല്‍ഖറിന് മറ്റൊരു പ്രണയ ചിത്രം; ഡി.ക്യൂ41 ടൈറ്റില്‍ പുറത്ത്
അശ്വിന്‍ രാജേന്ദ്രന്‍
Friday, 10th July 2026, 12:05 pm

മലയാളത്തില്‍ നിന്ന് കരിയര്‍ ആരംഭിച്ച് ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തിന്‍ സ്റ്റാര്‍ഡം സൃഷ്ടിച്ചെടുത്ത അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. സൂപ്പര്‍ താരം മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ താരം കുറഞ്ഞ കാലം കൊണ്ടാണ് ഇന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തത്. തമിഴിലും ഹിന്ദിയിലും തെലുങ്കിലും അടക്കം അന്യഭാഷകളില്‍ നായകനായി തിളങ്ങിയ താരത്തിന്റെതായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 2022ല്‍ പുറത്തിറങ്ങിയ സീതാ രാമം.

DQ41. Photo: The Hindu

ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രധാനവേഷത്തിലെത്തിയത് രശ്മിക മന്ദാനയും മൃണാള്‍ താക്കൂറുമായിരുന്നു. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ വലിയ മാര്‍ക്കറ്റാണ് ദുല്‍ഖറിന് തെലുങ്കിലും തമിഴിലും തുറന്ന് കിട്ടിയത്. ഇപ്പോഴിതാ സീതാ രാമത്തിന് ശേഷം മറ്റൊരു പ്രണയ ചിത്രവുമായി എത്തുകയാണ് താരം. ഡി.ക്യൂ41 എന്ന് താത്കാലികമായി പേര് നല്‍കി ഇതിനോടകം ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

നവാഗതനായ രവി നെല്ലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ശ്രീ ശ്രീ’ എന്നാണ് പേരിട്ടിരിക്കുന്നത്. ദുല്‍ഖറും പൂജയും പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ശ്രീ ശ്രീയ്‌ക്കൊപ്പം പ്രണയം അല്പം സ്‌പെഷ്യല്‍ ആയി തോന്നും എന്ന ടാഗ് ലൈനോടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ അഞ്ചാമത്തെ തെലുങ്ക് ചിത്രമെന്ന നിലയിലും ദുല്‍ഖറും പൂജയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ശ്രീ ശ്രീക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ശ്രീ ശ്രീ. Photo: X.com

ഇരുവര്‍ക്കും പുറമെ ദീക്ഷിത് ഷെട്ടിയും ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എസ്.എല്‍ വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Dulquer Salman’s latest Film title out now

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.