ഡബ്ബിങ് രംഗത്ത് അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുനിൽക്കുന്നയാളാണ് ഭാഗ്യലക്ഷ്മി. ചെറുപ്രായത്തിൽ തന്നെ ഡബ്ബിങ് രംഗത്തേക്ക് ചുവടുവെച്ച ഭാഗ്യലക്ഷ്മി മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകൾക്ക് ശബ്ദം നൽകി. മൂന്ന് തവണ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡും ഭാഗ്യലക്ഷ്മി സ്വന്തമാക്കി. അഭിനയത്തിലും ഭാഗ്യലക്ഷ്മി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ‘തുടരും’ സിനിമയിൽ ശോഭനയ്ക്കായി താൻ ചെയ്ത ഡബ്ബിങ് പിന്നീട് ശോഭന തന്നെ മാറ്റി ഡബ്ബ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വർഷങ്ങളായി ശോഭനയ്ക്ക് ഡബ്ബ് ചെയ്തുവരുന്ന ആളാണ് താനെന്നും, സംഭവത്തെക്കുറിച്ച് താൻ പറഞ്ഞത് മറുപടി പ്രതീക്ഷിച്ചുകൊണ്ടല്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു ദുരനുഭവം പങ്കുവെക്കുക മാത്രമായിരുന്നെന്നും ഭാഗ്യലക്ഷ്മി പോർട്ടായൽ ബൈ ഗദ്ധാഫി എന്ന ചാനലിൽ സംസാരിക്കെ പറഞ്ഞു.

ഭാഗ്യലക്ഷ്മി.Photo. Screen Grab/ Youtube
‘പണ്ടുമുതലേ അവർ അങ്ങനെ സംസാരിക്കുന്ന ആളല്ല. വിളിച്ച് സംസാരിക്കുകയോ മറ്റോ ഒന്നും ഉണ്ടായിട്ടില്ല. അവർക്ക് ഇതൊന്നും ഒരു വിഷയമേയല്ല. ഞാൻ എന്റെ ഒരു വിഷമം പറഞ്ഞെന്നേയുള്ളൂ. അതിന് അവരുടെ ഭാഗത്തുനിന്ന് ഒരു റിപ്ലൈ ഉണ്ടാവില്ലെന്നും പ്രൊഡക്ഷന്റെ ഭാഗത്തുനിന്നോ ആർട്ടിസ്റ്റിന്റെ ഭാഗത്തുനിന്നോ ഒരു പ്രതികരണം ഉണ്ടാവില്ലെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
എന്നാൽ താൻ പറഞ്ഞതിനെ ശോഭനയോടുള്ള ആരാധനയുള്ള ചിലർ മറ്റൊരു രീതിയിലാണ് വ്യാഖ്യാനിച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. തനിക്ക് സംഭവിച്ച അനുഭവം പറയുന്നതിന്റെ ഉദ്ദേശം ശോഭന മറുപടി പറയണം എന്നതല്ലെന്നും അവർ വ്യക്തമാക്കി.
‘ഞാൻ പറഞ്ഞതിന്റെ അർത്ഥം അവർ മറുപടി പറയണം എന്നുള്ളതല്ല. എനിക്കുണ്ടായ ഒരു ദുരനുഭവമാണ് ഞാൻ പറഞ്ഞത്. ഇത്രയും വർഷം ഞാൻ വർക്ക് ചെയ്തിട്ട്, ഒരു സാമാന്യ മര്യാദയ്ക്ക് എന്നോട് പറയേണ്ടതായിരുന്നു. ‘ഞാനൊന്ന് ഡബ്ബ് ചെയ്തോട്ടെ, എന്റെ ഒരു ആഗ്രഹമാണ്’ എന്ന് അവർക്ക് പറയാമായിരുന്നു. അങ്ങനെ അവർക്ക് ഒരു ആഗ്രഹം തോന്നുന്നതിൽ ഒരു തെറ്റുമില്ല. അത് തെറ്റാണെന്ന് പറയേണ്ട ആവശ്യവുമില്ല,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
താൻ പണം വാങ്ങിയാണ് ജോലി ചെയ്തതെന്ന തരത്തിലുള്ള കമന്റുകൾ വന്നതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
‘നിങ്ങൾ കാശ് വാങ്ങിയിട്ടല്ലേ എന്ന് കുറെ പേർ കമന്റ് ചെയ്തിരുന്നു. അപ്പോൾ അവരും കാശ് വാങ്ങിയിട്ടല്ലേ? അവരും ഫ്രീ ആയിട്ടല്ലല്ലോ ചെയ്യുന്നത്. ഓരോരുത്തരും അവർക്കുണ്ടായ അനുഭവങ്ങളും ദുരിതങ്ങളും പറയുമ്പോൾ അതിന്റെ അർത്ഥം പൈസ വാങ്ങിയോ വാങ്ങിയില്ലയോ എന്നല്ല,’ അവർ പറഞ്ഞു.
തനിക്ക് തോന്നുന്ന കാര്യങ്ങൾ തുറന്ന് പറയുന്ന സ്വഭാവം മാറ്റാൻ പോകുന്നില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. മറ്റു ഡബ്ബിങ് ആർട്ടിസ്റ്റുകളെ അപേക്ഷിച്ച് തനിക്ക് ചുറ്റും വിരോധവും ശത്രുതയും ഉണ്ടാകാനുള്ള പ്രധാന കാരണം ഈ തുറന്നുപറച്ചിലാണെന്നാണ് മനസിലാക്കുന്നതെന്നും അവർ പറഞ്ഞു.
‘എന്ത് ചെയ്താലും കുഴപ്പമില്ല എന്ന് പറയാൻ ഞാൻ പഠിച്ചിട്ടില്ല. അതുകൊണ്ടാണ് മറ്റുള്ള ഡബ്ബിങ് ആർട്ടിസ്റ്റുകളെക്കാൾ കൂടുതൽ എനിക്ക് ചുറ്റും വിരോധവും ശത്രുതയും ഉണ്ടാകുന്നത്. ഞാൻ തുറന്നുപറയുന്നതുകൊണ്ടാണ് അതെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതൊക്കെ എന്റെ ബേസിക് നേച്ചറാണ്. ഇനി വേറെ ആര് എന്ത് പറഞ്ഞാലും ഞാൻ അത് നിർത്താൻ പോകുന്നില്ല. ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും,’ ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
അതേസമയം, ശോഭനയ്ക്ക് ഇനി ഡബ്ബ് ചെയ്യില്ലെന്ന നിലപാടല്ല തന്റേതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ശോഭനയ്ക്ക് സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യണമെങ്കിൽ അതിന് അവസരം നൽകണമെന്നാണ് തന്റെ നിലപാടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ശോഭന. Photo. Screen Grab/ Youtube.
‘ശോഭനയ്ക്ക് ഞാൻ ഡബ്ബ് ചെയ്യില്ല എന്നൊന്നും പറയുന്നില്ല. ഞാൻ ചോദിക്കും, നിങ്ങൾ രണ്ടിൽ ഒരു തീരുമാനം എടുത്തിട്ട് അതുറപ്പാണെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതിയെന്ന്. അല്ലെങ്കിൽ എന്നെ വിളിക്കണ്ട. ആദ്യം അവരോട് ചോദിക്കൂ. അവർക്ക് സ്വന്തമായി ഡബ്ബിങ് ചെയ്യണമെന്ന് ആഗ്രഹവും താത്പര്യവുമുണ്ടെങ്കിൽ അവർ ചെയ്യട്ടെ എന്നാണ് ഞാൻ പറയുക,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
Content Highlight: Dubbing artist Bhagyalakshmi opens up about dubbing for actress Shobana
