പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ഭാവന. ഡോര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഭാവന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഭാവന ചാരി നില്‍ക്കുന്ന വാതിലിലൂടെ ഭയപ്പെടുത്തുന്ന കൈകള്‍ പുറത്തേക്ക് വരുന്നത് പോസ്റ്ററില്‍ കാണാം.

ജയദേവാണ് ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്യുന്നത്. നവീന്‍ രാജന്‍ നിര്‍മിക്കുന്ന ചിത്രം തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. പോസ്റ്ററിന്റെ രൂപഭാവങ്ങള്‍ ചിത്രം ഹൊറര്‍ ഴോണറിലാണെന്ന സൂചനകളാണ് നല്‍കുന്നത്.

ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഹണ്ടാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ഭാവനയുടെ ചിത്രം. ഇതും ഹൊറര്‍ ഴോണറിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കീര്‍ത്തിയെന്ന ഫോറന്‍സിക് വിദഗ്ധയായാണ് ചിത്രത്തില്‍ ഭാവന എത്തുന്നത്.

ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണനാണ് ചിത്രത്തിന്റെ നിര്‍മാണം. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനു മോഹന്‍, രണ്‍ജി പണിക്കര്‍, ചന്തു നാഥ്, ജി. സുരേഷ് കുമാര്‍, നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്.