ഇറാനെ നരകത്തിലേക്ക് തള്ളിവിടും; ശനിയാഴ്ച ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ്
Iran US Conflict
ഇറാനെ നരകത്തിലേക്ക് തള്ളിവിടും; ശനിയാഴ്ച ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ്
അനിത സി
Saturday, 7th March 2026, 6:05 pm

വാഷിങ്ടണ്‍: ശനിയാഴ്ച ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നത്തെ ആക്രമണം ഇറാനെ കഠിനമായി ബാധിക്കുമെന്ന് ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പില്‍ ട്രംപ് പറഞ്ഞു.
ഇറാന്റെ മോശം പെരുമാറ്റം കാരണം പൂര്‍ണമായ നാശത്തിനും മരണത്തിനും കാരണമാകുന്ന ഗുരുതരമായ ആക്രമണം പരിഗണനയിലാണ്. ഈ നിമിഷം വരെ ലക്ഷ്യമിടാത്ത പ്രദേശങ്ങളും ഗ്രൂപ്പുകളും ആക്രമിക്കപ്പെടുമെന്നും ട്രംപ് പറഞ്ഞു.

ഇറാനെ നരകത്തിലേക്ക് തള്ളിവിടും. ഇറാന്‍ പശ്ചിമേഷ്യയിലെ പരാജിത രാജ്യമാണെന്നും ട്രംപ് പരിഹസിച്ചു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ക്ഷമ ചോദിച്ച സംഭവവും ട്രപ് എടുത്തുപറഞ്ഞു.

ഇറാന്‍ ക്ഷമ പറഞ്ഞ് അയല്‍ക്കാരോട് കീഴടങ്ങി. ഇനി അവര്‍ക്കെതിരെയും വെടിയുതിര്‍ക്കാന്‍ ധൈര്യപ്പെടില്ലെന്നും ട്രംപ് പറഞ്ഞു. ഇസ്രഈലിന്റെയും യു.എസിന്റെയും നിരന്തരമായ ആക്രമണം കാരണം മാത്രമാണ് ഇറാന്‍ ഇത്തരത്തിലൊരു വാക്ക് നല്‍കിയതെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാനെ ആക്രമിക്കാനായി താവളങ്ങള്‍ വിട്ടുനല്‍കിയ അയല്‍രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് പെസസ്‌കിയാന്‍ സ്റ്റേറ്റ് ടി.വിയില്‍ പ്രക്ഷേപണം ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ഇറാനെതിരായ ആക്രമണം അയല്‍രാജ്യങ്ങളില്‍ നിന്നും ആരംഭിച്ചിരുന്നില്ലെങ്കില്‍ ഇറാന്‍ ഒരിക്കലും അയല്‍ക്കാരെ ആക്രമിക്കില്ലായിരുന്നു.

ആക്രമണം തുടരുകയാണെങ്കില്‍ ഇസ്രഈലിന്റെയും യു.എസിന്റെയും സൈനിക താവളങ്ങളും സംവിധാനങ്ങളും പ്രാഥമിക ലക്ഷ്യങ്ങളായി തന്നെ കണക്കാക്കുമെന്ന് ഐ.ആര്‍.ജി.സിയും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Content Highlight: Trump  warns Iran

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.