ഇസ്രഈലിന് ഹിസ്ബുല്ലയെ നേരിടാനാകുന്നില്ലെങ്കില്‍ ആ പണി സിറിയയെ ഏല്‍പ്പിക്കുക: ട്രംപ്
World News
ഇസ്രഈലിന് ഹിസ്ബുല്ലയെ നേരിടാനാകുന്നില്ലെങ്കില്‍ ആ പണി സിറിയയെ ഏല്‍പ്പിക്കുക: ട്രംപ്
ആദര്‍ശ് എം.കെ.
Tuesday, 16th June 2026, 7:22 pm

പാരീസ്: ഹിസ്ബുല്ലയെ നേരിടാന്‍ ഇസ്രഈലിന് സാധിക്കുന്നില്ലെങ്കില്‍ ആ ചുമതല സിറിയയെ ഏല്‍പ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിലെ ജി-7 ഉച്ചകോടിയിലാണ് ട്രംപിന്റെ പ്രസ്താവന.

ഇസ്രഈല്‍ ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, ഇസ്രഈല്‍ ഹിസ്ബുല്ലയ്ക്കെതിരെ ദീര്‍ഘകാലമായി പോരാടുകയാണെന്നും എന്നാല്‍ ഈ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയെ ട്രംപ് പ്രശംസിച്ചു. അല്‍-ഷറയ്ക്ക് ഹിസ്ബുല്ലയെ ഒട്ടും ഇഷ്ടമല്ലെന്നും, അവരെ കൈകാര്യം ചെയ്യുന്നതില്‍ ഇസ്രഈലിനേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സിറിയക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബാഷര്‍ അല്‍ അസദിന്റെ പതനത്തിന് ശേഷം അധികാരത്തില്‍ വന്ന ഷറ നിലവില്‍ ഒരു അതിശയകരമായ ജോലി ആണ് ചെയ്യുന്നതെന്ന് ട്രംപ് വിശേഷിപ്പിച്ചു.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്ന് വ്യക്തമാക്കിയ ട്രംപ്, എന്നാല്‍ ലെബനന്റെ കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.

ബെയ്റൂട്ടില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലെബനനിലെ യുദ്ധത്തെ അദ്ദേഹം ഒരു ‘ചെറിയ യുദ്ധം’ എന്നാണ് വിശേഷിപ്പിച്ചത്.

ഇറാന്‍ ഒരിക്കലും ആണവായുധം കൈവശപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യു.എസും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടിയുടെ ചട്ടക്കൂടില്‍ ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

അമേരിക്കയും ഇറാനും തമ്മിലുള്ള 14 ഇന സമാധാന ഉടമ്പടിയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കും.

അന്താരാഷ്ട്ര തലത്തില്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഇറാന്റെ മേലുള്ള ഉപരോധങ്ങള്‍ നീക്കുന്നതും ഈ ചര്‍ച്ചകളുടെ ഭാഗമായേക്കും. എന്നാല്‍, ഈ ഉടമ്പടി തങ്ങളെ ബാധിക്കില്ലെന്ന് ഇസ്രഈല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പ്രതികരിച്ചിട്ടുണ്ട്.

 

Content highlight: Donald Trump has said that if Israel is unable to confront Hezbollah, it should hand over the task to Syria.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.