ഹാഷിറിനും എയ്ഞ്ചലിനും വലിയ ഫാൻസാണ് ഹൈദരാബാദിൽ; ഇവിടെ കിട്ടാത്ത പലതും അവിടെ നിന്നും കിട്ടി: സവിൻ സ
Malayalam Cinema
ഹാഷിറിനും എയ്ഞ്ചലിനും വലിയ ഫാൻസാണ് ഹൈദരാബാദിൽ; ഇവിടെ കിട്ടാത്ത പലതും അവിടെ നിന്നും കിട്ടി: സവിൻ സ
നന്ദന എം.സി
Wednesday, 6th May 2026, 8:35 pm

മലയാള സിനിമ ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിൽ വൻ വിജയം നേടിയ ചിത്രമാണ് വിപിൻ ദാസിന്റെ തിരക്കഥയ്ക്ക് സവിൻ സ സംവിധാനം ചെയ്ത ‘വാഴ 2’. ഇൻസ്റ്റഗ്രാം റീലിസിലൂടെ പ്രേക്ഷകർക്കു സുപരിചിതനായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

ഇവർക്ക് പുറമെ ബിജുക്കുട്ടൻ, അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം ഇതിനോടകം 200 കോടിയും പിന്നിട്ട് ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കൂടാതെ തെലുങ്കിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

വാഴ 2, Photo: IMDb

ഇപ്പോൾ ഹൈദരാബാദിൽ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയെ കുറിച്ചും താരങ്ങൾക്ക് ലഭിക്കുന്ന ആരാധക പിന്തുണയെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് സംവിധായകൻ സവിൻ സ. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പങ്കുവെച്ചത്.

‘അവിടെ ഏകദേശം 300 തിയേറ്ററിനടുത്ത് ചിത്രം ഓടുന്നുണ്ട്. ഇതിന്റെ ഒരു പ്രൊഡ്യൂസർ തന്നെയാണ് അവിടെയും വിതരണം ചെയ്യുന്നത്. നമ്മൾ കണ്ടിടത്തെല്ലാം നല്ല റെസ്പോൺസ് ആയിരുന്നു.

അവിടെ മറ്റൊരു തരത്തിലുള്ള അനുഭവമായിട്ടാണ് ഫീൽ ചെയ്തത്. ഇവിടത്തെക്കാളും കുറച്ചുകൂടി ഹൈ ആണ് അവിടെ തിയേറ്ററിൽ നിന്ന് ലഭിക്കുന്ന എനർജി. ഇവിടെ കിട്ടാത്ത പല അനുഭവങ്ങളും അവിടെ ലഭിച്ചു. ഒരു വ്യത്യസ്തമായ ഫീൽ തന്നെയായിരുന്നു,’ സവിൻ സ പറഞ്ഞു.

വാഴ 2, Photo: IMDb

ഹൈദരാബാദിലെ പ്രേക്ഷകർ ഹാഷിറിനെയും ടീമിനെയും ഏറെ സ്നേഹത്തോടെ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഹാഷിറിനും ടീമിനും അവിടെ നല്ല ഫാൻസാണെന്ന് തോന്നുന്നു. ഹാഷിറിനെ അവിടെയുള്ളവർ വളരെ ഇഷ്ടപ്പെടുന്നു.

കൂടാതെ നമ്മുടെ നായികയായ എയ്ഞ്ചൽ മരിയയ്ക്കും വലിയ ആരാധക പിന്തുണയാണ് അവിടെ. നമ്മളെ കാണുമ്പോൾ അവിടെയുള്ള ആളുകളുടെ റിയാക്ഷൻ തന്നെ അതിന് തെളിവാണ്,’ അദ്ദേഹം പറഞ്ഞു.

ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ‘വാഴ 2’വിന്റെ ഈ വൻ വിജയം മലയാള സിനിമയ്ക്ക് മാത്രമല്ല, സോഷ്യൽ മീഡിയ വഴി ഉയർന്നുവരുന്ന പുതിയ തലമുറയിലെ കലാകാരൻമാർക്കും വലിയ പ്രചോദനമായി മാറുകയാണ്.

Content Highlight: Director Savin Sa says that Hashir and Angel have a huge fan following in Hyderabad.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.